| Friday, 21st March 2025, 1:30 pm

ഞാന്‍ ഈ യുവ താരങ്ങളുടെ വലിയ ആരാധകന്‍, ഐ.പി.എല്ലില്‍ 500 റണ്‍സ് നേടാനായാല്‍ നിങ്ങള്‍ ഇന്ത്യയ്ക്കായി കളിക്കും; തുറന്ന് പറഞ്ഞ് സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പതിനെട്ടാം സീസണിന് ഇനി ബാക്കി മണിക്കൂറുകള്‍ മാത്രം. തങ്ങളുടെ ഇഷ്ട താരങ്ങളുടെയും ഫ്രാഞ്ചൈസികളുടെയും മത്സരങ്ങള്‍ക്കാണ്
ലോകമെമ്പാടുമുള്ള ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തോടെയാണ് പുതിയ സീസണിന് കൊടിയേറുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് മാര്‍ച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ വേദി.

ഇപ്പോള്‍, ഐ.പി.എല്ലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരവും ഇന്ത്യന്‍ ക്രിക്കറ്ററുമായ സുരേഷ് റെയ്‌ന. ഐ.പി.എല്‍ എല്ലാ വര്‍ഷവും പുതിയ ഉയരങ്ങളിലെത്തുന്നുവെന്നും, അതില്‍ പ്രകടനം നടത്തുന്ന യുവതാരങ്ങള്‍ക്ക് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ച് ഉടന്‍ ചിന്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

‘നിരവധി കളിക്കാര്‍ അവരുടെ കഴിവുകള്‍ പരിപോഷിപ്പിച്ച് അന്താരാഷ്ട്ര രംഗത്തേക്ക് വരുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇന്ത്യ ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിവ നേടിയിട്ടുണ്ട്. യുവതാരങ്ങള്‍ ക്യാപ്റ്റന്മാരായി വളരുന്നത് നമുക്ക് കാണാന്‍ കഴിയുന്നു. രോഹിത് ശര്‍മയെയും വിരാട് കോഹ്ലിയെയും അതുപോലെ ലീഗില്‍ നിന്ന് ഉയര്‍ന്നുവന്ന നിരവധി ഫാസ്റ്റ് ബൗളര്‍മാരെയും നോക്കൂ,’ റെയ്‌ന പറഞ്ഞു.

തിലക് വര്‍മ, യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ് എന്നീ യുവതാരങ്ങളുടെ ആരാധകാനാണ് താനെന്നും റെയ്‌ന പറഞ്ഞു. ഒരു സീസണില്‍ 500 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ യുവ താരങ്ങള്‍ക്ക് ഇന്ത്യയെ പ്രതിനിധീകരിക്കന്‍ കഴിയുമെന്നും ഓരോ സീസണും വളരാനും മെച്ചപ്പെടാനുമുള്ള അവസരമാണെന്നും ചെന്നൈക്കാരുടെ സ്വന്തം ചിന്നത്തല കൂട്ടിച്ചേര്‍ത്തു.

‘നമുക്കിപ്പോള്‍ ഒരുപാട് കഴിവുള്ള യുവ കളിക്കാരുണ്ട്. ഞാന്‍ തിലക് വര്‍മ, യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ് എന്നിവരുടെ വലിയ ആരാധകനാണ്. അക്സര്‍ പട്ടേലില്‍ നമുക്ക് പുതിയൊരു ക്യാപ്റ്റനെയും ലഭിച്ചു. യുവതാരങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്ഥിരത പുലര്‍ത്തുക എന്നതാണ്.

ഒരു സീസണില്‍ നിങ്ങള്‍ 500 റണ്‍സ് നേടിയാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയും. ഓരോ ഐപിഎല്‍ സീസണും വളരാനും കൂടുതല്‍ നിര്‍ഭയരാകാനും നിങ്ങളുടെ സാങ്കേതികതയും മനോഭാവവും മെച്ചപ്പെടുത്താനുമുള്ള അവസരമാണ്. അതാണ് ഐപിഎല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വലിയ അവസരങ്ങളില്‍ മുന്നേറുകയും നിങ്ങളുടെ കളി തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയും ചെയ്യുക,’ റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Content Highlight: Suresh Raina Reveals He Is a Big Fan Of  Tilak Varma, Rinku Singh, And Yashasvi Jaiswal

Latest Stories

We use cookies to give you the best possible experience. Learn more