| Thursday, 19th November 2026, 7:42 am

എന്റെ ഫാമിലിയോട് നസ്‌ലെന്‍ കാണിച്ച മര്യാദ എന്നെ അത്ഭുതപ്പെടുത്തി, അമ്മയും നസ്‌ലെനും അവസാനം നല്ല കമ്പനിയായി: സുരേഷ് മതിയഴഗന്‍

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ 260 കോടിയും കടന്ന് കുതിക്കുകയാണ് തമിഴ് ചിത്രം സീന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമാണ് സ്വന്തമാക്കിയത്. ഈ വര്‍ഷം സൂര്യയുടെ മൂന്നാമത്തെ 200 കോടി ചിത്രമാണ് സീന്‍. ഇന്‍വെസ്റ്റിഗേഷന്‍ ഴോണറിലേക്ക് കോമഡിയും മിക്‌സ് ചെയ്ത ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

പ്രധാന താരങ്ങളൊഴികെ ബാക്കി എല്ലാവരും താരതമ്യേന പുതുമുഖങ്ങളാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഒരുകൂട്ടം ആളുകളെയാണ് ജിത്തു മാധവന്‍ സീനില്‍ കാസ്റ്റ് ചെയ്തത്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് വിനോദ്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ സുരേഷ് മതിയഴഗന്‍ സീനില്‍ കൈയടി നേടുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ചിത്രത്തില്‍ നസ്‌ലെനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. വളരെ കുറച്ച് കോമ്പിനേഷന്‍ സീനുകള്‍ മാത്രമേ തങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് സുരേഷ് പറഞ്ഞു. തന്നോട് നല്ല പെരുമാറ്റമായിരുന്നെന്നും തമിഴില്‍ സംസാരിക്കാന്‍ നസ്‌ലെന് പരമാവധി ശ്രമിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു സുരേഷ് മതിയഴഗന്‍.

‘നസ്‌ലെനെപ്പറ്റി പറഞ്ഞേ തീരൂ. എന്തൊരു നല്ല പെരുമാറ്റമാണ്. ആകെ കുറച്ച് സീനുകളേ ഞങ്ങള്‍ തമ്മിലുള്ളൂ, പക്ഷേ, ഞാന്‍ ഈ പടത്തില്‍ അസിസ്റ്റന്റായൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പടത്തില്‍ ത്രൂ ഔട്ട് വര്‍ക്ക് ചെയ്യാനായി. ഷൂട്ടില്ലാത്ത സമയത്ത് നസ്‌ലെനുമായി കമ്പനിയാകാന്‍ സാധിച്ചു. നല്ല ഫണ്ണിയാണ് അയാള്‍.

ഷൂട്ട് കാണാന്‍ എന്റെ ഫാമിലിയൊക്കെ വന്നിരുന്നു. അവരോട് നസ്‌ലെന്‍ കാണിച്ച മര്യാദ എന്നെ അത്ഭുതപ്പെടുത്തി. അമ്മയുമായി നല്ല കമ്പനിയായി. അമ്മ കാഷ്വലായി ‘മോനേ, മധുരൈയിലേക്ക് വരികയാണെങ്കില്‍ ഞങ്ങളുടെ വീട്ടില്‍ എന്തായാലും വരണം. അമ്പലത്തിന്റെയടുത്താണ് ഞങ്ങളുടെ വീട്. ആരോട് ചോദിച്ചാലും പറഞ്ഞ് തരും’ എന്നൊക്കെ പറഞ്ഞു. വരാമെന്ന് നസ്‌ലെനും സമ്മതിച്ചു. അയാളെപ്പോലൊരു സ്റ്റാര്‍ ഇങ്ങനെയൊക്കെ കമ്പനിയാകുമോ എന്നായിരുന്നു ഞാന്‍ ആലോചിച്ചത്,’ സുരേഷ് മതിയഴഗന്‍ പറയുന്നു.

തന്റെ അമ്മക്ക് മലയാളം അറിയാത്തതുകൊണ്ട് തമിഴിലായിരുന്നു നസ്‌ലെനോട് സംസാരിച്ചതെന്നും താരം പറഞ്ഞു. തമിഴ് അത്ര വശമില്ലെങ്കിലും അറിയാവുന്ന തമിഴിലായിരുന്നു നസ്‌ലെന്റെ മറുപടിയെന്നും ചുരുങ്ങിയ സമയം കൊണ്ട് തമിഴ് അത്ര നന്നായി സംസാരിക്കുമെന്ന് അറിയില്ലായിരുന്നെന്നും സുരേഷ് മതിയഴഗന്‍ പറയുന്നു.

Content Highlight: Suresh Mathiyalagan about shooting experience with Naslen

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more