വിനയന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി പ്രധാനവേഷത്തിലെത്തിയ കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയ അഭിനേതാവാണ് സുരേഷ് കൃഷ്ണ. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായ വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടന് കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന ടൈറ്റിലടക്കം പ്രേക്ഷകര്‍ സ്‌നേഹത്തോടെ നല്‍കിയിരുന്നു. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്നും സമീപ കാലത്ത് കോമഡി റോളുകളിലേക്ക് ട്രാക്ക് മാറ്റിയ സുരേഷ് കൃഷ്ണയുടെ തീരുമാനത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്.
സുരേഷ് കൃഷ്ണ. Photo: Screen grab/ Bhavana Studios/ Youtube.com
ഓണത്തിന് തിയേറ്ററുകളിലെത്തി ഇപ്പോഴും ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ ബൈജു എന്ന കഥാപാത്രവുമായാണ് സുരേഷ് കൃഷ്ണ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ 200 കോടിയിലധികം നേടിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ് സുരേഷ് കൃഷ്ണയുടെ പ്രകടനം. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം റിലീസായ ആദ്യ ദിനം മുതല്‍ തന്നെ വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും സുരേഷിന് ലഭിച്ചത്.
ബെത്‌ലഹേമിന്റെ വിജയത്തിന്റെ ഭാഗമായി മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി കോമഡി റോളുകള്‍ ചെയ്യാന്‍ തുടങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്ത് ഒരു കാലത്ത് തന്റെ സ്വഭാവം തന്നെ പരുക്കനായി മാറിയതിനെ കുറിച്ചും സുരേഷ് അഭിമുഖത്തില്‍ സംസാരിച്ചു.
‘എല്ലാ മലയാളികള്‍ക്കും ഞാന്‍ സിനിമയിലുണ്ടെങ്കില്‍ വില്ലനായിരിക്കും എന്നൊരു മുന്‍ധാരണയുണ്ടായിരുന്നു. ഒരുഘട്ടംവരെ വില്ലന്‍വേഷങ്ങളില്‍ ഞാന്‍ തളച്ചിടപ്പെട്ടിരുന്നു. പൊതുവേ ജീവിതത്തെ ലളിതമായിക്കാണുന്ന മനുഷ്യനാണ് ഞാന്‍. എന്നാല്‍, വില്ലന്‍വേഷങ്ങള്‍ മാത്രം ചെയ്ത് ചെയ്ത് ജീവിതത്തിലും ഞാന്‍ പരുക്കനായിമാറുന്ന ഒരു ഘട്ടമുണ്ടായിരുന്നു.
എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഞാന്‍ ചിരിച്ച് അഭിനയിക്കുന്നത്. നിവിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതു പോലെ എന്നെക്കുറിച്ച് എല്ലാവര്‍ക്കുമുള്ള മുന്‍ ധാരണ ഈ സിനിമയോടെ പൊളിഞ്ഞു. ഇമേജ് പൊളിക്കുക, സ്വയം നവീകരിക്കുക എന്നത് ഒരു അഭിനേതാവിന്റെ കര്‍ത്തവ്യം കൂടിയാണ്. ഓരോ ദിവസവും ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് മലയാളികള്‍ സിനിമകണ്ട് സന്തോഷം പങ്കുവെക്കുന്നുണ്ട്.
സുരേഷ് കൃഷ്ണ. Photo: Screen grab/ Bhavana Studios/ Youtube.com
നിവിനടക്കം എന്നെക്കുറിച്ച് നല്ല വാക്കുകള്‍ പറയുന്ന എല്ലാവര്‍ക്കും നന്ദി. വരാനിരിക്കുന്ന സിനിമകളിലും ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. വില്ലന്‍ വേഷങ്ങളില്‍നിന്ന് പിന്മാറിയിട്ടൊന്നുമില്ല. നല്ലതുവന്നാല്‍ സ്വീകരിക്കും, പഴയതുപോലെ അടികൊള്ളുന്ന വില്ലന്‍വേഷങ്ങളായിരിക്കില്ല. വ്യത്യസ്തമായ നെഗറ്റീവ് കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കും,’സുരേഷ് കൃഷ്ണ പറഞ്ഞു.
Content Highlight: Suresh Krishna talks about his transition from Villian roles to Comedy roles