| Tuesday, 15th July 2025, 8:06 pm

ഞാനന്ന് രണ്ടാം നിലയുടെ മുകളില്‍ നിന്ന് ചാടി; എന്തെങ്കിലും ആകട്ടേയെന്ന് കരുതിയാണ് ചാട്ടം: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് സിനിമയില്‍ ഫൈറ്റ് സീക്വന്‍സുകള്‍ ചെയ്യാന്‍ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ റിസ്‌ക്ക് കുറവാണെന്ന് പറയുകയാണ് നടന്‍ സുരേഷ് കൃഷ്ണ. പണ്ടൊക്കെ ഫൈറ്റ് ഷൂട്ട് ചെയ്ത ശേഷം പലപ്പോഴും ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഇന്ന് ഫൈറ്റ് ചെയ്യുന്നതിന് മുമ്പ് സുരക്ഷ നോക്കാറുണ്ടെന്നും നടന്‍ പറഞ്ഞു. പണ്ട് കാര്‍ഡ് ബോര്‍ഡ് ബോക്‌സിന്റെ മുകളിലേക്കാണ് വന്ന് ചാടിയിരുന്നതെന്നും അത് ചെയ്യുമ്പോള്‍ നന്നായി പുറമൊക്കെ വേദനിക്കുമായിരുന്നെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ ഫൈറ്റ് സീക്വന്‍സുകള്‍ ചെയ്യുമ്പോള്‍ പണ്ടത്തെ അത്രയും റിസ്‌ക്കുകള്‍ ഉണ്ടാവുന്നില്ല. മുമ്പാണെങ്കില്‍ ഫൈറ്റ് എടുക്കാന്‍ അത്യാവശ്യം നല്ല റിസ്‌ക്കുകള്‍ ഉണ്ടായിരുന്നു. പലപ്പോഴും അത്തരം സീനുകള്‍ ചെയ്ത് ബോഡിയില്‍ ഡാമേജുകള്‍ ഉണ്ടാകുമായിരുന്നു.

പക്ഷെ ഇപ്പോള്‍ കുറച്ചു കൂടെ ഫ്‌ളെക്‌സിബിളായ കാര്യങ്ങളുണ്ട്. അഭിനയിക്കുന്നവരുടെ സേഫ്റ്റി സൈഡ് കൂടി നോക്കുന്നുണ്ട്. എയര്‍ ബെഡും കാര്യങ്ങളുമൊക്കെ ഉപയോഗിച്ചാണ് ഓരോ സീനുകളും ചെയ്യുന്നത്. പണ്ടൊന്നും അങ്ങനെയല്ല.

അന്ന് കാര്‍ഡ് ബോര്‍ഡ് ബോക്‌സിന്റെ മുകളിലേക്കാണ് വന്ന് ചാടിയിരുന്നത്. അത് ചെയ്യുമ്പോള്‍ നന്നായി പുറമൊക്കെ വേദനിക്കുമായിരുന്നു. ഞാനൊക്കെ രണ്ടാം നിലയുടെ മുകളില്‍ നിന്ന് ചാടിയിട്ടുണ്ട്. അത് മദ്രാസില്‍ സ്ഥിരം ഷൂട്ടിങ് നടക്കുന്ന ഒരു ബില്‍ഡിങ് ആയിരുന്നു.

സാധാരണ വീടുകളുടെ സീലിങ് ഹൈറ്റായിരുന്നില്ല അതിന്. അങ്ങനെയുള്ള കെട്ടിടത്തിന്റെ സെക്കന്റ് ഫ്‌ളോറില്‍ നിന്നാണ് ഞാന്‍ ചാടിയത്. ആ ഫൈറ്റ് സീനുകള്‍ ചെയ്യുന്നതിന് മുമ്പ് അത് ചെയ്യാതിരിക്കാനുള്ള ശ്രമങ്ങള്‍ നമ്മള്‍ നടത്താറുണ്ട്.

കുറേ തവണ അവരോട് പറഞ്ഞുനോക്കും. ‘ഇത് വേണ്ട. ഡ്യൂപ്പ് ചാടട്ടെ’ എന്നൊക്കെ പറയും. എന്തെങ്കിലുമൊക്കെ പറഞ്ഞ് പരമാവധി ഒഴിവാകാന്‍ നോക്കും. പക്ഷെ അവര് വിട്ടുതരില്ല. പിന്നെ എന്തെങ്കിലും ആകട്ടെ, പോകുകയാണെങ്കില്‍ പോകട്ടെയെന്ന് കരുതും.

അങ്ങനെയൊക്കെ കരുതിയാണ് നമ്മള്‍ ചാടുക. ആദ്യത്തെ തവണ ചാടുന്നത് വരെ മാത്രമാണ് പേടി തോന്നുക. രണ്ടാമത്തെ ടേക്കില്‍ ചിലപ്പോള്‍ നമുക്ക് കുറച്ച് കൂടെ നന്നായി ചെയ്യാനാകും,’ സുരേഷ് കൃഷ്ണ പറയുന്നു.


Content Highlight: Suresh Krishna Talks About Fight Scenes In Cinema

We use cookies to give you the best possible experience. Learn more