| Saturday, 12th July 2025, 6:55 pm

പഴശ്ശിരാജയിലെ ആ സീന്‍ ഒരിക്കലും മറക്കില്ല, ശരത്കുമാര്‍ കാരണം ഏഴെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക ചൂടായി: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നാണ് കേരളവര്‍മ പഴശ്ശിരാജ. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം മോളിവുഡിന്റെ നാഴികക്കല്ലുകളിലൊന്നാണ്. എട്ട് സംസ്ഥാന അവാര്‍ഡുകളും നാല് ദേശീയ അവാര്‍ഡുകളും ചിത്രം സ്വന്തമാക്കി. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയാണ് പഴശ്ശിരാജയായി വേഷമിട്ടത്.

ചിത്രത്തില്‍ സുരേഷ് കൃഷ്ണയും ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. കൈതേരി അമ്പുവായാണ് സുരേഷ് കൃഷ്ണ വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുരേഷ് കൃഷ്ണ. എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടിലെ സിനിമയെന്ന് കേട്ടതും താന്‍ പോയെന്നും ലൊക്കേഷനിലെത്തിയപ്പോഴാണ് കുതിരപ്പുറത്ത് കയറണമെന്നുമൊക്കെ അറിഞ്ഞതെന്നും താരം പറഞ്ഞു.

ചിത്രത്തിലെ പ്രധാനപ്പെട്ട സീനില്‍ താനും ശരത് കുമാറും കുതിരപ്പുറത്ത് വരുന്ന സീനുണ്ടെന്നും അത് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരത് കുമാറിന് കുതിരസവാരി ആദ്യമേ അറിയാമായിരുന്നെന്നും എന്നാല്‍ ആ സീനില്‍ എത്രതവണ ചെയ്തിട്ടും ശരിയാകാതെ വന്നെന്നും താരം പറയുന്നു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.

‘പഴശ്ശിരാജയുടെ ഷൂട്ട് ഒരിക്കലും മറക്കില്ല. എം.ടി സാറിന്റെ സ്‌ക്രിപ്റ്റ്, ഹരിഹരന്‍ സാര്‍ ഡയറക്ടര്‍ എന്ന് കേട്ടപ്പോള്‍ ഒന്നും ആലോചിക്കാതെ പോയി. അവിടെയെത്തിയപ്പോള്‍ എന്റെ ക്യാരക്ടറിന്റേ പേര് കൈതേരി അമ്പു എന്നാണെന്നും കുതിരയെ ഓടിക്കണമെന്നും പറഞ്ഞു. മദ്രാസിലെ മറീന ബീച്ചില്‍ പണ്ട് ഒരു രൂപക്ക് കുതിരയെ ഓടിച്ച എക്‌സ്പീരിയന്‍സ് മാത്രമേ എനിക്കുള്ളൂ. എങ്ങനെ നോക്കിയാലും മെരുങ്ങാത്ത സാധനമാണ് ഈ കുതിര.

ആ പടത്തില്‍ ഒരു സീനുണ്ട്. വളരെ ഇംപോര്‍ടന്റായിട്ടുള്ള സീനാണ്. മമ്മൂക്ക കടല്‍തീരത്തുകൂടെ നടക്കുമ്പോള്‍ ശരത് കുമാറും ഞാനും കുതിരപ്പുറത്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നിട്ട് സംസാരിക്കുന്നു. എന്റെ ക്യാരക്ടര്‍ ദേഷ്യത്തോടെ തിരിച്ചുപോകുന്നു. ഇതാണ്. സീന്‍. കറക്ടായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് കുതിര വന്ന് നില്‍ക്കണം.

ശരത് കുമാര്‍ സിനിമയിലെത്തുന്നതിന് മുമ്പ് കളരിപ്പയറ്റും ഡാന്‍സും ഹോഴ്‌സ് റൈഡിങ്ങുമൊക്കെ പഠിച്ചിട്ടുണ്ട്. പുള്ളിക്ക് ഇത് സിമ്പിളാണെന്ന് വിചാരിച്ചു. പക്ഷേ, ആ കുതിര വരുന്ന സ്പീഡില്‍ കറക്ട് സ്ഥലത്ത് അത് നിന്നില്ല. ഏഴെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക ചൂടായി. കരാണം, പൊരിവെയിലത്ത് നില്‍ക്കുകയാണ് എല്ലാവരും. ‘ഇയാള്‍ ഈ കുതിര സവാരിയൊക്കെ പഠിച്ചെന്ന് പറഞ്ഞിട്ട് എന്താണ് ഈ കാണിക്കുന്നത്’ എന്ന് മമ്മൂക്ക ചോദിച്ചു. എനിക്ക് ടെന്‍ഷന്‍ കൂടി,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishna shares the shooting experience of Pazhassiraja movie

We use cookies to give you the best possible experience. Learn more