| Saturday, 1st August 2026, 7:54 pm

പാമ്പ് സുരേഷ് എന്നായിരുന്നു എന്റെ പഴയ പേര്; വട്ടപ്പേരിനെ കുറിച്ച് സുരേഷ് കൃഷ്ണ

അശ്വിന്‍ രാജേന്ദ്രന്‍

ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്ത സീരിയിലിലൂടെ അഭിനയത്തിലേക്ക് കടന്നുവരികയും പിന്നീട് സിനിമയില്‍ സജീവമാകുകയും ചെയ്ത അഭിനേതാവാണ് സുരേഷ് കൃഷ്ണ. 1993ല്‍ പുറത്തിറങ്ങിയ ചമയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ച്ചയായി ചെയ്ത വില്ലന്‍ വേഷങ്ങളിലെ സാമ്യത കാരണം കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന ടൈറ്റിലും താരത്തിന് പ്രേക്ഷകര്‍ ചാര്‍ത്തി നല്‍കിയിരുന്നു.

എന്നാല്‍ സമീപകാലത്തായി വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി താരം ചെയ്ത ഹാസ്യകഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ അഭിമുഖങ്ങള്‍ക്കും വലിയ പ്രേക്ഷക പിന്തുണയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തനിക്ക് ചെന്നൈയില്‍ താമസിക്കുമ്പോള്‍ പാമ്പ് സുരേഷ് എന്ന് പേര് ലഭിച്ചതിനെ കുറിച്ച് താരം പറഞ്ഞ രസകരമായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് കൃഷ്ണ. Photo: Suresh Krihsna/ Youtube.com

‘നമ്മുടെ പാമ്പ് സുരേഷിനെ പോലെ എനിക്ക് ചെന്നൈയില്‍ പാമ്പ് സുരേഷ് എന്ന പേരുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ വീട്ടിലേയ്ക്ക് വരുന്ന സമയത്ത് തൊട്ടടുത്ത വീട്ടില്‍ വലിയ ആള്‍കൂട്ടവും ബഹളുവുമെല്ലാം കണ്ടു. ബൈക്ക് നിര്‍ത്തി എന്താണ് സംഭവമെന്ന് നോക്കിയപ്പോള്‍ അവിടെ ഒരു പാമ്പുണ്ടെന്നും അതിനെ കണ്ട് കൂടിയതാണെന്നും അറിഞ്ഞു. തൊട്ടപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടിയെ വളയ്ക്കാന്‍ ഞാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. നോക്കുമ്പോള്‍ ഇതൊരു പറ്റിയ ചാന്‍സാണ്. അവള്‍ മുകളില്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്നുണ്ട്. എന്ത് പാമ്പാണെന്ന് എനിക്കറിയാനും വയ്യ.

അങ്ങനെ ആള്‍ക്കാരെ മാറ്റി പോയി നോക്കുമ്പോള്‍ മുക്കാല്‍ ഭാഗവും ഒരു ഹോളിന്റെ ഉള്ളിലാണ്. കുറച്ച് ഭാഗം മാത്രമേ പുറത്തുള്ളൂ. ഏത് പാമ്പാണെന്നോ എന്ത് പാമ്പാണെന്നോ എനിക്കറിയില്ല. തമ്പി പോകണ്ട എന്ന് എല്ലാവരും പറയുന്നുണ്ട്. രണ്ടും കല്പിച്ച് ഞാന്‍ വാലില്‍ പിടിച്ചു. പിടിക്കുമ്പോഴാണ് അറിയുന്നത്. ഇത് വഴുവഴുപ്പുള്ള ഒരു സാധനമാണെന്ന്. പിടിച്ചും പോയി വിടാനും പറ്റത്തില്ല, അവള്‍ മുകളില്‍ നിന്നും നോക്കി നില്‍ക്കുന്നുമുണ്ട്. കുറേ നേരം വലിച്ചിട്ടും ഇതിന്റെ തലഭാഗം മാത്രം പുറത്തുവന്നിട്ടില്ല. ഇനി വിട്ടിട്ട് മാറാനും പറ്റില്ല.

അങ്ങനെ എല്ലാ ശക്തിയും വെച്ച് ഒരു വലി വലിച്ചപ്പോള്‍ അത് തിരിഞ്ഞ് എന്റെ നേര്‍ക്ക് ഒരു വരവായിരുന്നു. ഭാഗ്യത്തിന് എന്റെ തൊട്ടപ്പുറത്ത് ഒരു തെങ്ങ് നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ കറക്കി നേരെ ഈ തെങ്ങിന് കൂട്ടി ഒരു അടി അടിച്ചു. ആ അടിയില്‍ ചുരുണ്ട് അതവിടെ വീണു. ആള്‍ക്കാരെല്ലാവരും കൈയടിച്ച് എന്നെ അഭിനന്ദിച്ചു. പെണ്‍കുട്ടിയ്ക്ക് മുന്നില്‍ ആളായി ഭയങ്കര കൂളായി പൊടിയും തട്ടി ഞാന്‍ അങ്ങനെ ബൈക്കും സ്റ്റാര്‍ട്ട് ചെയ്ത് പോയി,’ സുരേഷ് പറയുന്നു.

സുരേഷ് കൃഷ്ണ. Photo: Suresh Krihsna/ Youtube.com

രണ്ട് ദിവസം കഴിഞ്ഞ് തന്റെ വീട്ടിലേയ്ക്ക് രണ്ട് പേര്‍ വന്നെന്നും സുരേഷ് തമ്പിയുണ്ടോ എന്ന് അമ്മയോട് ചോദിച്ചെന്നും താരം പറയുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ അപ്പുറത്തെ വീട്ടില്‍ ഒരു പാമ്പ് വന്നിട്ടുണ്ടെന്നും അതിനെ പിടിക്കാനാണെന്നും അമ്മയോട് പറഞ്ഞതായി താരം തമാശയോടെ ഓര്‍ത്തെടുക്കുന്നു. അതിന് ശേഷം കുറച്ചുകാലത്തേക്ക് ആ പരിസരത്ത് എവിടെ പാമ്പ് വന്നാലും തന്ന അന്വേഷിച്ച് വീട്ടില്‍ ആള്‍ വരുമെന്നും അങ്ങനെ പാമ്പ് സുരേഷ് എന്ന് പേര് വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Suresh Krishna shares a memory from his young age

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more