| Saturday, 26th July 2025, 7:58 pm

മമ്മൂക്കയെയും മുകേഷിനെയും വെച്ചായിരുന്നു ആദ്യം ഡ്രൈവിങ് ലൈസന്‍സ് ചെയ്യാന്‍ തീരുമാനിച്ചത്, എന്നാല്‍... സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കി. ഒരു സൂപ്പര്‍സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥയാണ് ചിത്രം സംസാരിച്ചത്.

ചിത്രത്തില്‍ സുരേഷ് കൃഷ്ണയും മികച്ചൊരു വേഷം കൈകാര്യം ചെയ്തിരുന്നു. ഭദ്രന്‍ എന്ന മുന്‍നിര നായകനായാണ് സുരേഷ് കൃഷ്ണ ഡ്രൈവിങ് ലൈസന്‍സില്‍ അഭിനയിച്ചത്. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഭദ്രന്‍ മാറി. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സുരേഷ് കൃഷ്ണ.

മമ്മൂട്ടി, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലെ ആദ്യ കാസ്‌റ്റെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. സൂപ്പര്‍സ്റ്റാറായി മമ്മൂട്ടിയും കുരുവിള എന്ന വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി മുകേഷിനെയും കാസ്റ്റ് ചെയ്‌തെന്നും എന്നാല്‍ മമ്മൂട്ടി പിന്മാറിയതിന് പിന്നാലെ ആ വേഷത്തിലേക്ക് പൃഥ്വിരാജ് എത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡ്രൈവിങ് ലൈസന്‍സ് ആദ്യം പ്ലാന്‍ ചെയ്തത് മമ്മൂക്കയെയും മുകേഷിനെയും വെച്ചിട്ടായിരുന്നു. സൂപ്പര്‍സ്റ്റാറായി മമ്മൂക്കയും അയാളുടെ ഫാനായി മുകേഷേട്ടനും. അങ്ങനെയായിരുന്നു ആ സിനിമയുടെ ആദ്യത്തെ കാസ്റ്റ്. എന്നാല്‍ അവസാന നിമിഷം മമ്മൂക്ക ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി. പിന്നീടാണ് പൃഥ്വിരാജും സുരാജും ആ സിനിമയിലേക്കെത്തിയത്.

എന്നാല്‍ എന്റെ ക്യാരക്ടര്‍ ഭദ്രന്‍ തന്നെയായിരുന്നു. അതില്‍ മാറ്റമൊന്നും വന്നില്ല. സത്യം പറഞ്ഞാല്‍ ഇന്ന് ഈ കാണുന്ന രീതിയിലേക്ക് എനിക്ക് കഥാപാത്രങ്ങള്‍ ലഭിച്ചത് എന്റെ സുഹൃത്തുക്കള്‍ കാരണമാണ്. എന്നെക്കൊണ്ട് ഇതുപോലുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നുള്ള കോണ്‍ഫിഡന്‍സ് അവരൊക്കെയാണ് ആദ്യം കാണിച്ചത്. അതില്‍ പ്രധാനിയാണ് സച്ചി.

ആറ്റക്കോയ ആയാലും ഭദ്രനായാലും ചേട്ടായീസിലെ രൂപേഷായാലും എന്നെ വിശ്വസിച്ച് ആ കഥാപാത്രങ്ങള്‍ എല്പിച്ചത് സച്ചിയാണ്. പിന്നെ മറ്റുള്ള സുഹൃത്തുക്കളും സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്നു. അവരൊന്നും ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും അടിയും വാങ്ങി കയറില്‍ തൂങ്ങി കരിയര്‍ തീര്‍ന്നേനെ. ഇപ്പോള്‍ വ്യത്യസ്തമായ സിനിമകള്‍ കിട്ടുന്നുണ്ട്,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishna sayin Driving License movie was initially planned with Mammootty and Mukesh

We use cookies to give you the best possible experience. Learn more