| Monday, 19th October 2026, 7:27 am

ഒരു കമ്പി മതിയെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചെങ്കിലും നാല് കമ്പി വെച്ച് ചെലവ് കൂട്ടിയിരിക്കുകയാണ്: സക്‌സസ് മീറ്റിലും ചിരിയുണര്‍ത്തി സുരേഷ് കൃഷ്ണ

അമര്‍നാഥ് എം.

മോളിവുഡിലെ സര്‍വകാല റെക്കോഡ് തകര്‍ത്ത് ചരിത്രവിജയമായി മാറിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായെത്തിയ കൊച്ച് റോം കോം ചിത്രം ഇന്‍ഡസ്ട്രി ഹിറ്റടക്കം പല നേട്ടങ്ങളും സ്വന്തം പേരിലാക്കിയാണ് കളംവിട്ടത്. സമീപകാലത്ത് എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ സിനിമകളിലൊന്ന് കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ സ്വീകരിക്കപ്പട്ട ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ കഴിഞ്ഞദിവസം എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത പരിപാടി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. ചരിത്രവിജയമായി മാറിയ ബെത്‌ലഹേമിന്റെ ഭാഗാമാകാന്‍ സാധിച്ചതില്‍ എല്ലാവരും സന്തോഷം പങ്കുവെക്കുകയും ചെയ്തു.

സിനിമയിലെന്ന പോലെ സക്‌സസ് മീറ്റിലും ഷോ സ്റ്റീലറായത് സുരേഷ് കൃഷ്ണയാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുകയാണ്. വിജയത്തിന്റെ ഭാഗമായി മൊമന്റോ സ്വീകരിച്ച ശേഷം സുരേഷ് കൃഷ്ണ നടത്തിയ പ്രസംഗം ഇതിനോടകം വൈറലായി. ഗിറ്റാറിന്റെ മോഡലിലുള്ള മൊമന്റോയാണ് അണിയറപ്രവര്‍ത്തകര്‍ സമ്മാനിച്ചത്.

‘ഒരു കമ്പി മതിയെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. എന്നിട്ടും നാല് കമ്പിയൊക്കെ വെച്ച് വെറുതെ ചെലവ് കൂട്ടിയിരിക്കുകയാണ്. ഗിറ്റാറില്‍ നാല് കമ്പി കണ്ടപ്പോള്‍ എനിക്ക് ഇത് പറയണമെന്ന് തോന്നി. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഒരുപാട് ഹിറ്റുകളില്‍ ഭാഗമായിട്ടുണ്ടെങ്കിലും ഇത്ര വലിയ ഹിറ്റ് എന്റെ കരിയറിലുണ്ടായിട്ടില്ല.

ഇത് സാധാരണ ഹിറ്റല്ലല്ലോ, ഇന്‍ഡസ്ട്രി ഹിറ്റാണ്. എന്റെ ഓര്‍മയില്‍ ഇതുപോലെ വലിയൊരു ഇന്‍ഡസ്ട്രി ഹിറ്റ് മുമ്പ് ഉണ്ടായിട്ടില്ല. ഈ സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്തവരോട് നന്ദി പറയുന്നു. അതുപോലെ ഈ സിനിമ ഇത്രയും മനോഹരമാക്കിയ അജ്മല്‍, ആകാശ് എന്നിവരെക്കുറിച്ച് പ്രത്യേകം സംസാരിക്കണം. എല്ലാവരും അവരുടെ നൂറ് ശതമാനം ഇവിടെ തന്നിട്ടുണ്ട്,’ സുരേഷ് കൃഷ്ണ പറഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ സൂപ്പര്‍ഹിറ്റാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. സെന്‍സേഷണല്‍ ഹിറ്റായ പ്രേമലുവിന് ശേഷം അതേ ടീം വീണ്ടും ഒന്നിച്ച ചിത്രം ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. കേരളത്തില്‍ നിന്ന് മാത്രം 150 കോടിയാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ് സ്വന്തമാക്കിയത്. ഈ റെക്കോഡ് അടുത്തൊന്നും മറ്റൊരു സിനിമ തകര്‍ക്കില്ലെന്ന് ഉറപ്പാണ്.

Content Highlight: Suresh Krishna’s speech in Bethlehem Kudumba Unit success meet viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more