| Thursday, 20th August 2026, 5:30 pm

എനിക്ക് അര മാര്‍ക്ക് മതി... ഡംഷെറാഡ്‌സില്‍ അന്യായ സ്‌കോറിങ്ങുമായി കണ്‍വിന്‍സിങ് സ്റ്റാര്‍

അമര്‍നാഥ് എം.

ഓണം സീസണ്‍ കളറാക്കാനൊരുങ്ങുകയാണ് നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ഫീല്‍ഗുഡ് കോമഡി എന്റര്‍ടൈനറായാണ് ഒരുങ്ങുന്നത്. ഴോണറിനോട് ചേര്‍ന്ന പ്രൊമോഷനുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രൊമോഷന്‍ വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടു.

ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ഒന്നിച്ച് ഓണാഘോഷ പരിപാടികള്‍ നടത്തുന്നതും പിന്നീട് ഒന്നിച്ചിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കുന്നതുമാണ് വീഡിയോയുടെ ഹൈലൈറ്റ്. സംവിധായകന്‍ ഗിരീഷ് എ.ഡിക്കൊപ്പം നിര്‍മാതാക്കളായ ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവരും പ്രൊമോഷന്‍ വീഡിയോയിലുണ്ട്.

ബെത്‌ലഹേം യൂണിറ്റിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും രണ്ട് ടീമായി പിരിഞ്ഞ് വയംവലി, ഡംഷെറാഡ്‌സ് പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും വീഡിയോയില്‍ കാണാനാകും. ഡംഷെറാഡ്‌സാണ് ഇതില്‍ ഏറ്റവുമധികം ചിരിപ്പിച്ചത്. നിവിന്‍ പോളി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാം മോഹന്‍, വിനയ് ഫോര്‍ട്ട്, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് ഒരു ടീമില്‍. മമിത ബൈജു, സംഗീത് പ്രതാപ്, റോഷന്‍ തുടങ്ങിയവരാണ് അടുത്ത ടീമില്‍.

നിവിന്റെ ടീമില്‍ നിന്ന് സുരേഷ് കൃഷ്ണ മത്സരത്തിന് വന്ന സീന്‍ എല്ലാവരെയും ചിരിപ്പിച്ചു. സംഗീത് പ്രതാപാണ് സുരേഷ് കൃഷ്ണക്ക് സിനിമയുടെ പേര് പറഞ്ഞുകൊടുത്തത്. ഒട്ടും ആലോചിക്കാതെ, അധികം സമയം കളയാതെ സിനിമയുടെ പേര് സുരേഷ് കൃഷ്ണ തന്നെ പറഞ്ഞു. വെണ്ടര്‍ ഡാനിയല്‍ സ്റ്റേറ്റ് ലൈസന്‍സി എന്നായിരുന്നു താരത്തിന് നല്‍കിയ സിനിമാപ്പേര്.

‘ഇതിന് അര മാര്‍ക്കേ തരാന്‍ പറ്റുള്ളൂ’ എന്ന് റഫറി പറഞ്ഞപ്പോള്‍ ‘എനിക്ക് അര മാര്‍ക്ക് മതി’ എന്ന് മാസ് മറുപടി നല്‍കി തിരിച്ച് തന്റെ സീറ്റിലേക്ക് സുരേഷ് കൃഷ്ണ നടന്നുപോവുന്നതും വീഡിയോയുടെ ഹൈലൈറ്റാണ്. കണ്‍വിന്‍സിങ് സറ്റാര്‍ വീണ്ടും സ്‌കോര്‍ ചെയ്തു എന്നാണ് പലരുടെയും കമന്റ്. ഈയൊരൊറ്റ ഡയലോഗിലൂടെ വീഡിയോ സുരേഷ് കൃഷ്ണ തൂക്കിയെന്നും കമന്റുകളുണ്ട്.

അങ്കമാലിയിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ കഥയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് പറയുന്നത്. സര്‍വ്വം മായക്ക് ശേഷം നിവിന്‍ തന്റെ സേഫ് സോണിലേക്കെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. നിവിന്‍- മമിത കെമിസ്ട്രി തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. ഓണം സീസണ്‍ ഇത്തവണ നിവിന്‍ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Suresh Krishna’s mass reply in Bethlehem Kudumba Unit promo interview viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more