| Tuesday, 6th October 2026, 10:51 am

നീയൊരു വാക്ക് പറഞ്ഞാല്‍ ആഷ്‌ലിയെ വാഗമണ്ണില്‍ പോയി പൊക്കിക്കൊണ്ടുവരും; കണ്‍വിന്‍സിങ് സ്റ്റാറിന് കണ്‍വിന്‍സ് ചെയ്യാന്‍ പറ്റാത്ത സീനെന്ന് ട്രോളന്മാര്‍

അമര്‍നാഥ് എം.

ഒ.ടി.ടി റിലീസിന് ശേഷം സിനിമാപേജുകളില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റല്ലാതെ മറ്റൊരു ചിത്രവും ചര്‍ച്ചയിലില്ല. സമീപകാലത്ത് വന്നതില്‍ എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഓരോ സീനും ഡയലോഗും വൈറലായിരിക്കുകയാണ്. വലിയ ട്വിസ്റ്റും ബഹളവുമൊന്നുമില്ലാതെ സിമ്പിളായ കഥ പറഞ്ഞു എന്നതാണ് ബെത്‌ലഹേമിന്റെ വിജയ രഹസ്യങ്ങളിലൊന്ന്.

സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രത്തിനും പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് സംവിധായകന്‍ നല്‍കിയിട്ടുണ്ട്. നായകനിലും നായികയിലും മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റ് കഥാപാത്രങ്ങളെ ഫോക്കസ് ചെയ്താണ് ചിത്രം മുന്നോട്ടുപോകുന്നത്. അത്തരത്തില്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ കഥാപാത്രങ്ങളിലൊന്നാണ് സുരേഷ് കൃഷ്ണ അവതരിപ്പിച്ച ബൈജു.

ഒരുകാലത്ത് കണ്ണില്‍ ചോരയില്ലാത്ത വില്ലനായി മാത്രം ടൈപ്കാസ്റ്റ് ചെയ്യപ്പെട്ട സുരേഷ് കൃഷ്ണയുടെ ഇപ്പോഴത്തെ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ എന്ന വിളിപ്പേര് സുരേഷ് കൃഷ്ണക്ക് ലഭിച്ചിരുന്നു. ബെത്‌ലഹേമിലും സുരേഷ് കൃഷ്ണയുടെ കണ്‍വിന്‍സിങ് സീനുകള്‍ ചര്‍ച്ചയാവുകയാണ്.

ഇന്റര്‍വെല്ലിന് മുമ്പുള്ള ഓണം സെലിബ്രേഷനിടെ ജസ്റ്റിനും ബൈജുവും വടംവലിയില്‍ തോല്‍ക്കുന്നതായി കാണിക്കുന്നുണ്ട്. തോല്‍വിയില്‍ തളരാതെ ‘ഇപ്പോള്‍ തോറ്റത് നന്നായി. ജയിച്ചിരുന്നെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ അങ്ങനെ എന്തൊക്കെ വന്നേനെ’ എന്ന ഒറ്റ ഡയലോഗിലൂടെയുള്ള കണ്‍വിന്‍സിങ് കൈയടി നേടി.

എന്നാല്‍ ക്ലൈമാക്‌സിനോടടുത്തപ്പോള്‍ ബൈജുവിന്റെ കണ്‍വിന്‍സിങ് ചെറുതായി പാളിയതും ചര്‍ച്ചയായിരിക്കുകയാണ്. ആഷ്‌ലിയെ അവളുടെ വീട്ടുകാര്‍ വാഗമണ്ണില്‍ കൊണ്ടാക്കിയെന്നറിഞ്ഞ ശേഷം ജസ്റ്റിനും ടീമും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ‘നീയൊരു വാക്ക് പറഞ്ഞല്‍ മതി. അവളെ വാഗമണ്ണില്‍ പോയി പൊക്കും’ എന്ന് ബൈജു പറയുമ്പോള്‍ ‘ശരി പറഞ്ഞിരിക്കുന്നു. നിങ്ങള് പോയി പൊക്കിക്കൊണ്ട് വന്നിട്ട് എന്നെ അറിയിക്ക്’ എന്ന് പറഞ്ഞ ജസ്റ്റിന്‍ അവിടം വിടുകയാണ്.

കണ്‍വിന്‍സിങ് സ്റ്റാറിന്റെ കണ്‍വിന്‍സിങ് ഇത്തവണ ഏറ്റില്ലെന്നാണ് ഈ സീനിന് പലരുടെയും കമന്റ്. ഇതേ സീനില്‍ ‘വാഗമണ്‍ എവിടെയാണ്’ എന്ന് ബൈജു ചോദിക്കുമ്പോള്‍ രാജസ്ഥാനിലാണെന്ന് ജോമോന്‍ മറുപടി നല്‍കുന്നുണ്ട്. ഒന്നിന് പിന്നാലെ ഒന്നായുള്ള ഇത്തരം ഡയലോഗുകള്‍ ബെത്‌ലഹേമിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Nabeeee (@i_nab_c)

Content Highlight: Suresh Krishna’s convincing scene in Bethlehem Kudumba Unit

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more