| Sunday, 4th October 2026, 10:13 am

ജസ്റ്റിന് ആഷ്‌ലിയുണ്ട്, ഗ്ലിക്‌സണ്‍ വേറെ ഏതെങ്കിലും പെണ്ണിനെ വളയ്ക്കും, പാവം ബൈജു ചേട്ടന്റെ അവസ്ഥ കഷ്ടമാണെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചുരുക്കം സിനിമകളിലൊന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി അണിയിച്ചൊരുക്കിയ ചിത്രം സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ഓരോ സീനും ഡയലോഗുമടക്കം റീല്‍സ് ലോകം ഭരിക്കുകയാണ്.

സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകരില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ സംവിധായകന്‍ ഗിരീഷ് എ.ഡി വിജയിച്ചിട്ടുണ്ട്. നായകനായ ജസ്റ്റിന്‍, നായികയായ ആഷ്‌ലി എന്നിവര്‍ക്ക് പുറമെ പല കഥാപാത്രങ്ങളും അപാര സ്‌കോറിങ്ങാണ് ചിത്രത്തില്‍ നടത്തിയത്. റോഷന്‍ ഷാനവാസിന്റെ ഗ്ലിക്‌സണ്‍, സുരേഷ് കൃഷ്ണയുടെ ബൈജു എന്നിവര്‍ കൈയടി നേടുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ട്.

ഒ.ടി.ടി റിലീസിന് ശേഷം ബെത്‌ലഹേമിലെ പല കഥാപാത്രങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ശുഭപര്യവസായിയായിട്ടാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് അവസാനിക്കുന്നതെങ്കിലും ചില കഥാപാത്രങ്ങളെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. അത്തരത്തിലൊരാളാണ് സുരേഷ് കൃഷ്ണ അവതരിപ്പിച്ച ബൈജു.

സിനിമ ആരംഭിക്കുന്നതുമുതല്‍ ജസ്റ്റിന്റെ ഗ്യാങ്ങിലെ പ്രധാനിയാണ് ബൈജു. കല്യാണം കഴിക്കാതെ, അടിച്ചുപൊളി ലൈഫുമായി നടക്കുന്ന സിഗ്മകളാണ് ഇരുവരും. എന്നാല്‍ കഥയുടെ ഒരുഘട്ടത്തില്‍ ജസ്റ്റിന്‍ ആഷ്‌ലിയുമായി പ്രണയത്തിലാവുകയും ക്ലൈമാക്‌സില്‍ ഇരുവരും ഒന്നിക്കുകയും ചെയ്തപ്പോള്‍ എങ്ങുമെത്താതെ പോയ കഥാപാത്രം ബൈജു ചേട്ടന്‍ മാത്രമാണ്.

ജസ്റ്റിന്‍ ആഷ്‌ലിയെ കല്യാണം കഴിച്ച് അയര്‍ലന്‍ഡിലേക്ക് പോകുമെന്നും എതിരാളിയായ ഗ്ലിക്‌സണ്‍ അടുത്ത പെണ്ണിന്റെ പിന്നാലെ പോകുമെന്നും ചില പോസ്റ്റുകളില്‍ പറയുന്നു. 40 വയസ് കഴിഞ്ഞ സ്ഥിതിക്ക് ബൈജുവിന് ഇനി കല്യാണമൊന്നും നടക്കാന്‍ സാധ്യതയില്ലെന്നും ഒറ്റക്ക് ജീവിക്കേണ്ടി വരുന്ന അവസ്ഥയാകുമെന്നുമാണ് പ്രവചനം.

ജസ്റ്റിന്‍ മദ്യപാനം ഉപേക്ഷിച്ചതോടെ ബൈജുവിനും കമ്പനിയില്ലാതായെന്ന് സിനിമയുടെ ക്ലൈമാക്‌സില്‍ പറയുന്നുണ്ട്. അത്രയും സൗഹൃദമുണ്ടായിരുന്ന ജസ്റ്റിന്‍ പോയാല്‍ ബൈജുവിന്റെ അവസ്ഥ ദയനീയമായേക്കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നു. കാറ്ററിങ് ഓര്‍ഡറെടുക്കാന്‍ വന്ന ഏതെങ്കിലും സ്ത്രീയുമായി ബൈജു കമ്പനിയാകുന്നത് കാണിച്ചിരുന്നെങ്കില്‍ കുറച്ചെങ്കിലും ആശ്വാസമായേനെയെന്നുമാണ് പോസ്റ്റിലുള്ളത്. വരുംദിവസങ്ങളില് ബെത്‌ലഹേം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Suresh Krishna’s character in Bethlehem Kudumba Unit viral after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more