| Friday, 11th July 2025, 2:37 pm

അവളെ ഇംപ്രസ് ചെയ്യാന്‍ പാമ്പിനെ പിടിച്ചു; ഞാൻ പാമ്പ് സുരേഷ് ആയി: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1993ല്‍ ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയന്റെ സംവിധാനത്തില്‍ എത്തിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.

ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ സുരേഷ് വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നു. ഒപ്പം ചില സിനിമകളില്‍ സ്വഭാവ നടനായും അഭിനയിച്ചു. നിലവില്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി കോമഡി കഥാപാത്രങ്ങളാണ് സുരേഷ് ചെയ്യുന്നത്.ഒപ്പം മുമ്പ് ചെയ്ത സിനിമകളുടെ സ്വഭാവം കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോള് തന്റെ ജീവിതത്തില്‍ നടന്ന ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. ചെന്നൈയില്‍ തനിക്ക് പാമ്പ് സുരേഷ് എന്നൊരു പേരുണ്ടായിരുന്നുവെന്ന് സുരേഷ് കൃഷ്ണ പറയുന്നു. ചെന്നൈയില്‍ വെച്ച് താന്‍ ബൈക്കിലൂടെ യാത്ര ചെയ്യുമ്പോള്‍ ആള്‍ക്കൂട്ടം ഉണ്ടായെന്നും അവിടെ ഒരു പാമ്പ് ഉണ്ടായിരുന്നതിനാല്‍ എല്ലാവരും ആകെ പേടിച്ചു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നുവെന്നും അവരെ ഇംപ്രസ് ചെയ്യാനായി താന്‍ പാമ്പിനെ പിടിക്കാന്‍ പോയെന്നും സുരേഷ് പറയുന്നു. തനിക്ക് ഏത് പാമ്പാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഭാഗ്യത്തിനൊന്നും പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.

‘നമ്മളുടെ വാവ സുരേഷ് ഉണ്ടല്ലോ അതുപോലെ എനിക്കും പണ്ട് പാമ്പ് സുരേഷ് എന്നൊരു പേരുണ്ടായിരുന്നു. ചെന്നൈയില്‍ ആയിരുന്നപ്പോള്‍. ഒരിക്കല്‍ ബൈക്കില്‍ ട്രാവല്‍ ചെയ്യുന്ന സമയത്ത് തിരിച്ചെന്റെ വീട്ടിലേക്ക് വരുന്ന വഴിക്ക് അപ്പുറത്തെ വീട്ടില്‍ ഭയങ്കര ആള്‍കൂട്ടം. എന്താ സംഭവം എന്ന് നോക്കിയപ്പോള്‍ അവിടെ ഒരു പാമ്പ് ഉണ്ട്. അവിടെ തൊട്ടപ്പുറത്തെ വീട്ടിലുള്ള പെണ്‍കൂട്ടിയെ വളക്കാനുള്ള ശ്രമം ഞാന്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഹീറോയിസം കാണിക്കാന്‍ പറ്റിയ ചാന്‍സാണല്ലോ. അവള്‍ മുകളില്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

എന്ത് പാമ്പാണെന്ന് ഒന്നും എനിക്കറിയില്ല. ഞാന്‍ ആളുകളെ മാറ്റിയിട്ട് നേരെ പോയി. പാമ്പിന്റെ വാല്‍ഭാഗം മാത്രമെ പുറത്തുള്ളു. ബാക്കി ഹോളിലാണ്. അവിടുന്ന് മറ്റുള്ളവര്‍ പോകണ്ട എന്നൊക്ക വിളിച്ച് പറയുന്നുണ്ട്. ആദ്യം പോയി ഞാന്‍ വാലില്‍ പിടിച്ചു. ആ സമയം മറ്റേ കക്ഷി മുകളില്‍ നില്‍പ്പുണ്ട്. നല്ലൊരു ചാന്‍സാണ്. പാമ്പിനെ പിടിച്ചും പോയി, വിടാനും പറ്റില്ല. അത്രയും ആളുകള്‍ നോക്കി നില്‍ക്കുകയാണ്.

ഒരുപാട് വലിച്ച് തലയല്ലാത്ത ഭാഗം മാത്രം പുറത്ത് വന്നു. അവസാനത്തെ ഒറ്റ വലിയില്‍ വന്നു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. തൊട്ടടുത്തുള്ള ഒരു തെങ്ങ് ഉണ്ടായിരുന്നു. തെങ്ങിന് പോയി പാമ്പ് അടിച്ചു. ആളുകളൊക്കെ വലിയ ബഹളമായി. അവളെ ഇംപ്രസും ചെയ്തു. ഞാന്‍ വളരെ കൂളായിട്ട് തിരിച്ചുപോയി. രണ്ട് ദിവസം കഴിഞ്ഞ് കുറച്ചാളുകള്‍ വീട്ടിലേക്ക് വന്ന് എന്നെ അന്വേഷിച്ചു. അപ്പുറത്തൊരു പാമ്പുണ്ടെന്ന് പറഞ്ഞ്,’സുരേഷ് കൃഷ്ണ പറഞ്ഞു.

Content highlight: Suresh Krishna recounts an interesting experience he had when he was in Chennai

We use cookies to give you the best possible experience. Learn more