| Monday, 5th October 2026, 2:09 pm

ഗിരീഷ് എന്നെ നന്നായി ഉപയോഗിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു, അപ്രതീക്ഷിതമായിട്ടാണ് ബെത്‌ലഹേമിൽ എത്തിയത്; സുരേഷ് കൃഷ്ണ

അജ്മല്‍ കെ

പുതിയ തലമുറയ്ക്കിടയിലും സ്വീകാര്യനായ ഒരു നടനായി തുടരാൻ കഴിയുന്നത് ഭാഗ്യമാണെന്ന് തുറന്നു പറഞ്ഞ് നടൻ സുരേഷ് കൃഷ്ണ. സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പലരും മടുത്ത് മറ്റുമേഖലകളിലേക്ക് പോകുന്നത് കണ്ടിട്ടുണ്ടെന്നും, തനിക്കും ഒരുഘട്ടത്തിൽ അഭിനയം ഉപേക്ഷിച്ച് മറ്റൊരു ജോലി തേടേണ്ടിവന്നിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറയുന്നു. എന്നാൽ നടനാകണമെന്ന വാശി കാരണം അധികം വൈകാതെ തിരിച്ചെത്തുകയായിരുന്നുവെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘തമിഴ് സിനിമയിൽ ഒരു ചൊല്ലുണ്ട്, സിനിമയിൽ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നെ നശിക്കും എന്ന്. നശിക്കാതെ ഇത്രകാലം പിടിച്ചുനിന്നത് ഭാഗ്യം തന്നെയാണ്. കുറച്ചുകാലം ശ്രമിച്ച് കഴിയുമ്പോൾ പലരും മടുത്ത് ഉപേക്ഷിച്ചുപോകുന്നത് കാണാം. ഞാനും മടുത്ത് മറ്റു ജോലിതേടി പോയിട്ടുണ്ട്. പക്ഷേ നടനാകണം എന്ന വാശിയുള്ളതുകൊണ്ട് ഒരു മാസം പോലും തികയും മുമ്പേ തിരിച്ചെത്തി,’ സുരേഷ് കൃഷ്ണ പറഞ്ഞു.

സുരേഷ് കൃഷ്ണ. Photo. Screen Grab/ Youtube

സിനിമയിലെ തന്റെ യാത്രയിൽ സൗഹൃദങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സുരേഷ് കൃഷ്ണ സംസാരിച്ചു. സ്നേഹത്തിന്റെയോ സൗഹൃദത്തിന്റെയോ പേരിൽ താൻ കഥാപാത്രങ്ങൾ സ്വീകരിക്കാറില്ലെന്നും താരം വ്യക്തമാക്കി.

‘സൗഹൃദങ്ങളാണ് എന്നെ ഞാനാക്കിയത് എന്നതാണ് സത്യം. എന്നോട് പിണങ്ങിയ ഒരു സുഹൃത്തിനെപ്പോലും കണ്ടെത്താനാകില്ല. സ്നേഹത്തിന്റെ പേരിൽ ഒരു കഥാപാത്രവും സ്വീകരിക്കാറില്ല. സച്ചിയുമായി ആത്മബന്ധമുണ്ടായിരുന്നു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ആലോചന മുതൽ ഞാനുണ്ട്. ‘നിനക്കു തരാൻ ഇതിലൊരു റോളില്ല’ എന്ന് സച്ചി സങ്കടത്തോടെ പറഞ്ഞിട്ടുണ്ട്. ‘അത് സാരമില്ല, നമുക്ക് പെർഫെക്ട് കാസ്റ്റിങ് അല്ലേ വേണ്ടത്’ എന്നാണ് ഞാൻ മറുപടി പറഞ്ഞത്,’ നടൻ പറഞ്ഞു.

സിനിമയുടെ മുഴുവൻ സമയവും സെറ്റിലുണ്ടായിരുന്നിട്ടും കഥാപാത്രം ലഭിക്കാതിരുന്നതിനെ തുടർന്ന് താനും സച്ചിയും തമ്മിൽ അകൽച്ചയിലാണെന്ന് പലരും കരുതിയിരുന്നെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

അതേസമയം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലേക്ക് താൻ എത്തിയതും അപ്രതീക്ഷിതമായിട്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. ദിലീഷ് പോത്തനെ പിറന്നാൾ ആശംസിക്കാൻ വിളിച്ചപ്പോഴാണ് ഗിരീഷ് എ.ഡിയുടെ പുതിയ ചിത്രത്തിൽ തനിക്ക് ഒരു കഥാപാത്രമുണ്ടെന്ന വിവരം അറിയുന്നത്.

‘പിറന്നാൾ ആശംസിക്കാൻ ദിലീഷ് പോത്തനെ വിളിച്ചതാണ്. അപ്പോഴാണ് ഗിരീഷിന്റെ പുതിയ ചിത്രത്തിൽ തനിക്കൊരു റോൾ ഉണ്ടെന്ന് പറയുന്നത്. ‘തണ്ണീർമത്തൻ ദിനങ്ങളും’ ‘പ്രേമലുവും’ കണ്ടിട്ട് വിളിച്ച് അഭിനന്ദിച്ച പരിചയമേ സംവിധായകൻ ഗിരീഷ് എ.ഡിയുമായി ഉണ്ടായിരുന്നുള്ളൂ. നേരിൽ കണ്ടപ്പോൾ ഗിരീഷ് പറഞ്ഞു, ‘ത്രൂ ഔട്ട് റോൾ ആണ് ചേട്ടാ, എനിക്ക് കഥ പറഞ്ഞ് കൺവിൻസ് ചെയ്യാൻ അറിയില്ല’ എന്ന്,’

ചിത്രത്തിലുടനീളം കഥാപാത്രമുണ്ടെങ്കിൽ തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകുമെന്ന തോന്നലാണ് ആ വേഷം സ്വീകരിക്കാൻ കാരണമായതെന്നും സുരേഷ് കൃഷ്ണ പറയുന്നു. ആ സമയത്ത് മറ്റൊരു വലിയ താരനിരയുള്ള സിനിമയിലേക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഗിരീഷിന്റെ സിനിമയിൽ തന്നെ നന്നായി ഉപയോഗിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞതോടെ തീരുമാനം മാറുകയായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റി,സുരേഷ് കൃഷ്ണ. Photo. IMDb. Facebook. com

‘പടത്തിൽ ഉടനീളം ഉണ്ടെങ്കിൽ ഉറപ്പായും എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകും എന്ന് തോന്നി. ആ സമയം വലിയ താരനിരയുള്ള ഒരു സിനിമയും തേടിവന്നു. ഗിരീഷ് ആണെങ്കിൽ നിങ്ങളെ നന്നായി ഉപയോഗിക്കും എന്ന് സുഹൃത്തുക്കൾ പ്രോത്സാഹിപ്പിച്ചു. ഭാഗ്യവും ദൈവാനുഗ്രഹവും കൊണ്ടാകാം ബെത്‌ലഹേം എന്ന് തീരുമാനിച്ചത്,’ താരം പറഞ്ഞു.

Content Highlight: Suresh Krishna opens up about how he came on board ‘Bethlehem Kudumba Unit’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more