| Monday, 21st September 2026, 12:33 pm

എന്നോടൊപ്പം ചെറിയ റോളിൽ അഭിനയിച്ച കുട്ടിയാണ് മമിത, അവളുടെ വിജയം കാണുമ്പോൾ എന്റെ സിനിമാ ജീവിതം ഓർമവരും; സുരേഷ് കൃഷ്ണ

അജ്മല്‍ കെ

ദൂരദർശനിൽ ടെലികാസ്റ്റ് ചെയ്ത സീരിയിലിലൂടെ അഭിനയത്തിലേക്ക് കടന്നുവരികയും പിന്നീട് സിനിമയിൽ സജീവമാകുകയും ചെയ്ത അഭിനേതാവാണ് സുരേഷ് കൃഷ്ണ. 1993ൽ പുറത്തിറങ്ങിയ ചമയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർച്ചയായി ചെയ്ത വില്ലൻ വേഷങ്ങളിലെ സാമ്യത കാരണം കൺവിൻസിങ് സ്റ്റാർ എന്ന ടൈറ്റിലും താരത്തിന് പ്രേക്ഷകർ ചാർത്തി നൽകിയിരുന്നു.

സിനിമയിലെ തുടക്കകാലത്ത് ഗൗരവമുള്ള വില്ലൻ കഥാപാത്രങ്ങളിലായിരുന്നു കൂടുതലായി കണ്ടിരുന്നതെങ്കിലും പിന്നീട് കോമഡി വേഷങ്ങളിലേക്ക് തന്നെ മാറ്റിയത് സച്ചിയും ഷാഫിയുമെന്ന് തുറന്നു പറയുകയാണ് നടൻ സുരേഷ് കൃഷ്ണ. സച്ചിയുമായും ഷാഫിയുമായുമുള്ള സൗഹൃദമാണ് തന്റെ അഭിനയജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് കൃഷ്ണ.Photo. Screen Grab/ Youtube

‘ഡ്രൈവിങ് ലൈസൻസ്’ സിനിമയിലെ സൂപ്പർസ്റ്റാർ ഭദ്രൻ എന്ന കഥാപാത്രം തന്റെ സംസാരശൈലി അറിയാവുന്നവരുടെ ഇടയിൽ നിന്നാണ് രൂപപ്പെട്ടതെന്നും സുരേഷ് കൃഷ്ണ വനിതക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘സച്ചിയും ഷാഫിയും ഇന്നില്ല. അവരാണ് എന്നെ കോമഡി കഥാപാത്രങ്ങളിലേക്ക് പറിച്ചുനട്ടത്. ഒഴിവുള്ളപ്പോഴെല്ലാം സംവിധായകൻ ലാലിൻറെ വീട്ടിൽ കൂടുന്ന പതിവുണ്ട്. അങ്ങനെ ലാൽ ജൂനിയറിനൊക്കെ എന്റെ സംഭാഷണ ശൈലി അറിയാം. ഡ്രൈവിങ് ലൈസൻസിലെ സൂപ്പർസ്റ്റാർ ഭദ്രൻ എന്ന കഥാപാത്രം അങ്ങനെയാണ് വന്നത്,’ സുരേഷ് കൃഷ്ണ പറഞ്ഞു.

സിനിമയുടെ ഫോർമാറ്റിലുണ്ടായ മാറ്റം അഭിനേതാക്കൾക്ക് കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസരം നൽകിയെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി.

‘സിനിമയുടെ ഫോർമാറ്റ് മാറിയതും നല്ല കാര്യമായി. തിയറ്ററിലെ വിജയം മാത്രം ലക്ഷ്യമാക്കി സിനിമ നിർമിച്ചിരുന്ന കാലമാണെങ്കിൽ പരീക്ഷണം നടത്താൻ മടിക്കും. വില്ലനായിരുന്ന കാലത്ത് അൽപം അതിഭാവുകത്വം വേണമായിരുന്നു അഭിനയത്തിൽ. ഇപ്പോൾ എത്രയും നാചുറൽ ആകാമോ അത്രയും നല്ലത് എന്നായി. ഇന്നിപ്പോൾ ആരും ഒരേതരം കഥാപാത്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നില്ല,’ താരം പറഞ്ഞു.

മമ്മൂട്ടി കാതൽ, കളങ്കാവൽ പോലെയുള്ള വ്യത്യസ്ത സിനിമകൾ ചെയ്യുന്നതും കാലത്തിനൊപ്പം സിനിമ മാറിയതിന്റെ ഉദാഹരണമാണെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

‘തമിഴ് സിനിമയിൽ ഒരു ചൊല്ലുണ്ട്, സിനിമയിൽ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നെ നശിക്കും എന്ന്. നശിക്കാതെ ഇത്രകാലം പിടിച്ചുനിന്നത് ഭാഗ്യം തന്നെയാണ്. കുറച്ചുകാലം ശ്രമിച്ചുകഴിയുമ്പോൾ പലരും മടുത്ത് ഉപേക്ഷിച്ചുപോകുന്നത് കാണാം. ഞാനും മടുപ്പുതോന്നി മറ്റു ജോലിതേടി പോയിട്ടുണ്ട്. പക്ഷേ നടനാകണം എന്ന വാശിയുള്ളതുകൊണ്ട് ഒരു മാസം പോലും തികയും മുന്നേ തിരിച്ചെത്തി,’ സുരേഷ് കൃഷ്ണ പറഞ്ഞു.

മമിത ബൈജു. Photo. Facebook.com

തന്റെ കരിയറിലെ ഈ തിരിച്ചുവരവ് ഓർമിപ്പിക്കുന്ന മറ്റൊരു താരമാണ് മമിത ബൈജുവെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. തനിക്കൊപ്പം നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്ന മമിത പിന്നീട് വലിയ താരമായി മാറുന്നത് കാണുമ്പോൾ തന്റെ പഴയ കാലവും ഓർമ വരാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

‘മമിത ബൈജുവിന്റെ വിജയം കാണുമ്പോൾ ഞാനത് ഓർക്കാറുണ്ട്. എന്നോടൊപ്പം പല ചിത്രങ്ങളിലും ചെറിയ റോളിൽ അഭിനയിച്ച കുട്ടിയാണ് മമിത,’ നടൻ കൂട്ടിച്ചേർത്തു.

Content Highlight: Suresh Krishna opens up about his film career

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more