| Friday, 18th September 2026, 9:53 am

അഞ്ച് തവണ സിനിമ കണ്ടിട്ടും എന്നെ ആ സിനിമയിൽ കണ്ടുപിടിയ്ക്കാനായില്ല; സുരേഷ് കൃഷ്ണ

അജ്മല്‍ കെ

ദൂരദർശനിൽ ടെലികാസ്റ്റ് ചെയ്ത സീരിയിലിലൂടെ അഭിനയത്തിലേക്ക് കടന്നുവരികയും പിന്നീട് സിനിമയിൽ സജീവമാകുകയും ചെയ്ത അഭിനേതാവാണ് സുരേഷ് കൃഷ്ണ. 1993ൽ പുറത്തിറങ്ങിയ ചമയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർച്ചയായി ചെയ്ത വില്ലൻ വേഷങ്ങളിലെ സാമ്യത കാരണം കൺവിൻസിങ് സ്റ്റാർ എന്ന ടൈറ്റിലും താരത്തിന് പ്രേക്ഷകർ ചാർത്തി നൽകിയിരുന്നു.

എന്നാൽ സിനിമയിൽ എത്തിയിട്ട് വർഷങ്ങളായെങ്കിലും തുടക്കം അത്ര എളുപ്പമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് സുരേഷ് കൃഷ്ണ. സിനിമ കിട്ടാതെ ഇടവേളകളുണ്ടായിരുന്നുവെന്നും ആൾക്കൂട്ടത്തിൽ ഒരാളായി തുടങ്ങി ചെറിയ വേഷങ്ങളിലൂടെ മുന്നോട്ടുപോയ കാലത്തെകുറിച്ചും തുറന്ന് പറയുകയാണ് താരം. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

സുരേഷ് കൃഷ്ണ. Photo: Screengrab/ Youtube

‘1993 മുതൽ ഞാൻ സിനിമയിൽ ഉണ്ടെന്ന് വിക്കിപീഡിയ പറയുന്നുണ്ട്. പക്ഷേ, ഇത്രയും കാലം സർക്കാർ സർവീസിലെന്ന പോലെ ജോലി ചെയ്യുകയായിരുന്നില്ല. സിനിമ കിട്ടാതെ ഗ്യാപ് വന്ന വർഷങ്ങളുണ്ട്. സിനിമയിൽ എത്തിയെങ്കിലും എന്ത് ചെയ്യണമെന്ന് അറിയാതെ അലഞ്ഞുനടന്ന കാലത്താണ് ചമയം’ സിനിമയിൽ തലകാണിച്ചത്,’നടൻ പറഞ്ഞു.

ഗുരുവായൂരിൽ വീടിനടുത്തുള്ള ബീച്ചിൽ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് പരിചയമുള്ള പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. അദ്ദേഹം വഴിയാണ് ഭരതൻ സാറിനെ പരിചയപ്പെടുന്നതെന്നും താരം വ്യക്തമാക്കി. ‘ആൾക്കൂട്ടത്തിൽ ഒരാളാകാൻ അദ്ദേഹം എനിക്ക് അവസരം തന്നു. അഞ്ചുതവണ സിനിമ കണ്ടിട്ടും എന്നെ അതിൽ കണ്ടുപിടിക്കാനാകാത്ത കൂട്ടുകാരുണ്ട്,’ സുരേഷ് കൃഷ്ണ പറയുന്നു.

ചമയത്തിന് ശേഷവും ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സാന്നിധ്യമറിയിക്കാൻ ശ്രമിച്ച കാലമായിരുന്നു. പല സിനിമകളിലും ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ടും ആൾക്കൂട്ടത്തിലെ ഒരാളായുമൊക്കെയാണ് അന്ന് മുന്നോട്ടുപോയതെന്ന് സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു.

‘അതിനുശേഷവും ഒരുപാട് സിനിമകളിൽ ഒരു സീനിൽ തല കാണിച്ചു. ആൾക്കൂട്ടത്തിൽ ഒരാളായും ഒക്കെ നടന്ന കഷ്ടപ്പാടിന്റെ കാലമുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഗുരുവായൂരാണ് നാടെങ്കിലും അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കോടമ്പാക്കത്താണ് പഠിച്ചതും വളർന്നതും. സിനിമയിൽ അവസരം തേടിയെത്തുന്നവരെ പണം വാങ്ങി കബളിപ്പിക്കുന്നവരെയും അക്കാലത്ത് അവിടെ കണ്ടുമുട്ടിയിരുന്നു. അത്തരമൊരു അനുഭവവും തനിക്കുണ്ടായതായി സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു.

‘നാട് ഗുരുവായൂരിൽ ആണെങ്കിലും അച്ഛന്റെ ജോലി സംബന്ധമായി ചെന്നൈയിലെ കോടമ്പാക്കത്താണ് പഠിച്ചതും വളർന്നതും. അന്ന് അവിടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പണം പറ്റിക്കുന്ന ആളുകളുണ്ട്. ഞാനും ഒരു വലയിൽ പെട്ടു. കൊടുക്കാൻ പണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ആ സംഭവമാണ് സിനിമ ഒന്ന് ശ്രമിച്ചുനോക്കാം എന്ന ആഗ്രഹം ഉണ്ടാക്കിയത്,’ സുരേഷ് കൃഷ്ണ പറഞ്ഞു.

സുരേഷ് കൃഷ്ണ. Photo: Screengrab/ Youtube

പിന്നീട് തമിഴ് പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് അവസരങ്ങൾ തേടിയെത്താൻ തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു. ‘തിരുവള്ളുവർ’ എന്ന തമിഴ് പരമ്പരയിൽ തിരുവള്ളുവരായി അഭിനയിച്ചതോടെയാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചുതുടങ്ങിയത് എന്നും താരം വ്യക്തമാക്കി.

Content Highlight: Suresh Krishna opens up about his early days in the film industry

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more