ഒരു ഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ മാത്രം തളച്ചിടപ്പെട്ടിരുന്നുവെന്നും ഇപ്പോൾ അത്തരം കഥാപാത്രങ്ങളിൽ നിന്ന് പൂർണമായും മാറിനിൽക്കാൻ സാധിച്ചിട്ടുണ്ടെന്നും നടൻ സുരേഷ് കൃഷ്ണ. പുതിയ തലമുറയിലെ സംവിധായകർ താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളിലേക്കാണ് വിളിക്കുന്നതെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് കൃഷ്ണ പറഞ്ഞു.
‘ഒരു ഘട്ടം വരെ വില്ലൻ വേഷങ്ങളിൽ തളച്ചിടപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ തലമുറ, നമ്മൾ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രങ്ങളിലേക്കാണ് വിളിക്കുന്നത്. ഞാൻ പൊതുവേ ജീവിതത്തെ ലളിതമായി കാണുന്ന മനുഷ്യനാണ്. എന്നാൽ വില്ലൻ വേഷങ്ങൾ മാത്രം ചെയ്ത് ചെയ്ത് ജീവിതത്തിലും പരുക്കനായി മാറിയ ഒരു ഘട്ടമുണ്ടായിരുന്നു,’ സുരേഷ് കൃഷ്ണ പറഞ്ഞു.
സുരേഷ് കൃഷ്ണ. Photo: IMDb
വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് മാറി ഹ്യൂമറിന് പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് എത്തിയതിന്റെ സന്തോഷവും താരം പങ്കുവെച്ചു. വർഷങ്ങൾക്ക് ശേഷമാണ് ചിരിച്ചുകൊണ്ട് അഭിനയിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ചിരിച്ച് അഭിനയിക്കുന്നത്. ഹ്യൂമറിന് പ്രാധാന്യമുള്ള വേഷങ്ങളാണ് അടുത്തിടെ ചെയ്തതിൽ ഭൂരിഭാഗവും. ഈ ഓണത്തിന് പ്രദർശനത്തിനെത്തുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ ലെയും എന്റെ വേഷം അത്തരത്തിൽ പുതുമ നിറഞ്ഞതാണ്,’ സുരേഷ് കൃഷ്ണ പറഞ്ഞു.
അതേസമയം, ‘കൺവിൻസിങ് സ്റ്റാർ’ എന്ന വിശേഷണം തന്റെ കരിയറിന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും സുരേഷ് കൃഷ്ണ പറയുന്നു. ക്രിസ്ത്യൻ ബ്രദേഴ്സ് അടക്കമുള്ള സിനിമകളിലെ വില്ലൻ വേഷങ്ങളെ മുൻനിർത്തി നിരവധി ട്രോൾ വീഡിയോകൾ പുറത്തിറങ്ങിയതോടെ പുതിയ തലമുറയ്ക്കിടയിൽ താൻ കൂടുതൽ പരിചിതനായെന്നും അദ്ദേഹം വ്യക്തമാക്കി.
‘കൺവിൻസിങ് സ്റ്റാർ’ എന്ന പട്ടം എനിക്ക് കരിയറിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ക്രിസ്ത്യൻ ബ്രദേഴ്സ് അടക്കം പല സിനിമകളിലെയും വില്ലൻ വേഷങ്ങൾ വെച്ചാണ് ട്രോൾ വീഡിയോകൾ ഇറങ്ങിയത്. പുതിയ ജനറേഷന് അതോടെ ഞാൻ ചിരപരിചിതനായി. തുടർന്നുവന്ന അഭിമുഖങ്ങളിലൂടെ പരുക്കൻ ഇമേജ് പൊളിക്കാനും സാധിച്ചു,’ അദ്ദേഹം പറയുന്നു.
ഇതോടെ പുതുമുഖ സംവിധായകരുടെ സിനിമകളിലേക്കും അവസരങ്ങൾ എത്തിത്തുടങ്ങിയെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. ഇപ്പോൾ നെഗറ്റീവ് കഥാപാത്രങ്ങൾക്കോ സ്ഥിരമായി തല്ലുകൊള്ളുന്ന വേഷങ്ങൾക്കോ വേണ്ടി ആരും തന്നെ സമീപിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
സുരേഷ് കൃഷ്ണ. Photo: Screengrab/ Youtube
‘പുതുമുഖ സംവിധായകരുടെ സിനിമകളിലേക്ക് വിളി വരികയും ചെയ്തു. ഇപ്പോൾ ആരും തന്നെ നെഗറ്റീവ് വേഷം ചെയ്യാനോ തല്ലുകൊള്ളാനോ ആയി വിളിക്കുന്നില്ല. ഇനി വരാൻ പോകുന്നതും ഹ്യൂമർ ടച്ചുള്ള കഥാപാത്രങ്ങളാണ്,’ സുരേഷ് കൃഷ്ണ പറഞ്ഞു.
Content Highlight: Suresh Krishna opens up about his cinematic journey