| Thursday, 17th July 2025, 6:41 pm

ഓരോരുത്തന്മാര്‍ എല്ലാ ദിവസവും ഒരോ സിനിമ കുത്തിപ്പൊക്കും, വീട്ടുകാരുടെ മുന്നില്‍ ഇപ്പോള്‍ ഞാന്‍ സേഫല്ല: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരേഷ് കൃഷ്ണ. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ മാത്രം തിളങ്ങിയ താരം പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്കും കോമഡി വേഷങ്ങളിലേക്കും ചുവടുമാറ്റുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സുരേഷ് കൃഷ്ണ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഈയിടെ സോഷ്യല്‍ മീഡിയയില്‍ സുരേഷ് കൃഷ്ണയുടെ പഴയകാല വേഷങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മറ്റ് കഥാപാത്രങ്ങളെ കണ്‍വിന്‍സ് ചെയ്ത് അവരെ ചതിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ പല രൂപത്തില്‍ പ്രചരിച്ചു. ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ എന്നായിരുന്നു സുരേഷ് കൃഷ്ണ ആ സമയത്തെല്ലാം അറിയപ്പെട്ടത്.

അത്തരം ട്രോളുകള്‍ ജീവിതത്തിലുണ്ടാക്കിയ മാറ്റം എന്താണെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. ഇപ്പോള്‍ ഓരോ ദിവസവും ആരെങ്കിലുമൊക്കെ തന്റെ പഴയ സിനിമകളിലെ സീനുകള്‍ കുത്തിപ്പൊക്കി പോസ്റ്റ് ചെയ്യാറുണ്ടെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. തന്റെ മക്കളുണ്ടാകുന്നതിന് മുമ്പ് ചെയ്ത വേഷങ്ങളായിരുന്നു അതെന്നും ഇപ്പോള്‍ എല്ലാവരും അത് കണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.

‘ഞാന്‍ എല്ലാവരുടെയും മുന്നില്‍ നല്ലവനായി തന്നെ നിലനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഈ കണ്‍വിന്‍സിങ് സ്റ്റാര്‍ ട്രോളുകള്‍ ഫേമസായത്. എന്റെ മക്കളുണ്ടാകുന്നതിന് മുമ്പ് ഞാന്‍ ചെയ്തുവെച്ച സിനിമകളായിരുന്നു അതൊക്കെ. എല്ലാ ദിവസവും ഓരോരുത്തന്മാര്‍ പഴയ സിനിമകളൊക്കെ കുത്തിപ്പൊക്കിക്കൊണ്ടുവരും. അതെല്ലാം പെട്ടെന്ന് വൈറലാവും.

എന്റെ മക്കള്‍ ഇതൊക്കെ കണ്ടിട്ട് ‘അച്ഛന്‍ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലേ’ എന്ന് ചോദിക്കും. ഈ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി. അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍, എന്റെ ഓരോ സിനിമയിലും ഞാന്‍ പോലുമറിയാതെ ചെയ്ത ഇങ്ങനത്തെ കാര്യങ്ങള്‍ പെട്ടെന്ന് ലോകം മൊത്തം അറിഞ്ഞു,’ സുരേഷ് കൃഷ്ണ പറയുന്നു.

സുരേഷ് കൃഷ്ണ ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫ്‌ളാസ്‌ക്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനും ശ്രദ്ധേയവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ജഡ്ജിയുടെ വേഷത്തിലാണ് സുരേഷ് കൃഷ്ണ പ്രത്യക്ഷപ്പെടുന്നത്.

Content Highlight: Suresh Krishna about his life after after Convincing Star trolls

We use cookies to give you the best possible experience. Learn more