| Monday, 14th July 2025, 12:42 pm

അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ വളക്കാന്‍ ശ്രമിച്ചു; എന്റെ പേര് അതോടെ മാറി: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് പണ്ട് പാമ്പ് സുരേഷ് എന്നൊരു പേരുണ്ടായിരുന്നുവെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. ചെന്നൈയില്‍ താമസിക്കുന്ന സമയത്ത് ഒരു വീട്ടിലെ പാമ്പിനെ താന്‍ വലിച്ചെടുത്ത് കറക്കിയെറിഞ്ഞിട്ടുണ്ടെന്നും അത് അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യിക്കാന്‍ വേണ്ടിയായിരുന്നുവെന്നും സുരേഷ് കൃഷ്ണ പറയുന്നു.

അന്നുമുതല്‍ തന്റെ പേര് പാമ്പ് സുരേഷ് എന്നായിരുന്നുവെന്നും അടുത്ത വീട്ടിലൊക്കെ പാമ്പ് കേറിയാല്‍ തന്നെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.

‘എനിക്ക് പണ്ട് ചെന്നൈയില്‍ പാമ്പ് സുരേഷ് എന്നൊരു പേരുണ്ടായിരുന്നു. ചെന്നൈയില്‍ ഒരിക്കല്‍ ബൈക്കില്‍ ട്രാവല്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അടുത്തുള്ള ഒരു വീടിന് മുമ്പില്‍ ഭയങ്കര ആള്‍ക്കൂട്ടം. എന്താണ് സംഭവമെന്ന് അറിയാന്‍ ഞാന്‍ ഇറങ്ങിപ്പോയി ചോദിച്ചു. അപ്പോള്‍ അവിടെ പാമ്പുണ്ടെന്ന് പറഞ്ഞു.

ആ വീടിന്റെ അടുത്തുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് അവളെ വളക്കാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹീറോയിസം കാണിക്കാന്‍ പറ്റിയ സമയം ആണല്ലോ അത്. ഞാന്‍ നോക്കുമ്പോള്‍ അവള്‍ ആ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് നോക്കികൊണ്ടിരിക്കുന്നുണ്ട്. എന്ത് പാമ്പാണെന്നൊന്നും എനിക്കറിയില്ല. ആളുകളൊന്നും അതിനടുത്തേക്ക് പോകുന്നില്ല. ഞാന്‍ ആളുകളെയെല്ലാം മാറ്റി പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ചു. ആളുകളെല്ലാം അതിനടുത്തേക്ക് പോകരുതെന്ന് എന്നോട് പറയുന്നുണ്ട്. പക്ഷെ നമുക്ക് ഹീറോയിസം കാണിക്കണമല്ലോ.

അങ്ങനെ ഞാന്‍ പാമ്പിനെ വലിക്കാന്‍ തുടങ്ങി. അത് ഒരു പൊത്തില്‍ കിടക്കുകയാണ്. വലിയിച്ചിട്ടും വലിച്ചിട്ടും തീരുന്നില്ല. അവസാനം ഒറ്റ വലി വലിച്ച് അതിനെ കയ്യിലെടുത്തപ്പോള്‍ എന്റെ നേരെ പത്തി വിടര്‍ത്തി നില്കുന്നു. പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ചാല്‍ അതിന്റെ നട്ടെല്ല് പൊട്ടുമെന്ന കാര്യം എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെ എടുത്ത് അടുത്തുള്ള തെങ്ങിലേക്ക് കറക്കി എറിഞ്ഞു.

കണ്ടുനിന്നവരെല്ലാം കൈ അടിച്ചു. അവളെ ഇംപ്രസും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോഴുണ്ട എന്നെ അന്വേഷിച്ച് വീട്ടിലേക്ക് രണ്ടുപേര്‍ വരുന്നു. വേറൊരു വീട്ടിലും പാമ്പ് കേറിപോലും, എന്നെ അതിനെ പിടിക്കാന്‍ വിളിക്കാന്‍ വേണ്ടി വന്നതാണവര്‍. അന്നുമുതല്‍ ഞാന്‍ അവിടെ പാമ്പ് സുരേഷ് എന്നാണ് അറിയപ്പെട്ടത്,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishana Shares An Interest Incident

We use cookies to give you the best possible experience. Learn more