| Wednesday, 10th September 2025, 4:20 pm

മോഹന്‍ലാലിന് ചെക്ക്, വേറെയാരും ചെയ്യാത്തതുകൊണ്ട് സ്വന്തം ഫോട്ടോയുള്ള ഷര്‍ട്ട് ധരിച്ച് സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞദിവസത്തെ ബിഗ് ബോസില്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു. സുഹൃത്തും മലയാളത്തിന്റെ മഹാനടനുമായ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് മമ്മൂട്ടിയുടെ ചിത്രമുള്ള ഷര്‍ട്ടായിരുന്നു മോഹന്‍ലാല്‍ ധരിച്ചത്. 74ാം പിറന്നാള്‍ ദിനത്തില്‍ എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു മോഹന്‍ലാലിന്റെ ഷര്‍ട്ട്.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഓണദിനത്തില്‍ നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നപ്പോള്‍ ധരിച്ച ഷര്‍ട്ടാണ്. സ്വന്തം കഥാപാത്രമായ ഭരത് ചന്ദ്രന്റെ ചിത്രം തുന്നിയ ഷര്‍ട്ടാണ് സുരേഷ് ഗോപി തിരുവോണ നാളില്‍ ധരിച്ചത്. സദ്യ കഴിക്കുമ്പോഴും അതേ ഷര്‍ട്ടായിരുന്നു അദ്ദേഹം ധരിച്ചത്.

മമ്മൂട്ടിയുടെ ചിത്രമുള്ള ഷര്‍ട്ട് ധരിക്കാന്‍ മോഹന്‍ലാലുള്ളപ്പോള്‍ തന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിക്കാന്‍ വേറൊരാളുടെ ആവശ്യമില്ലെന്നാണ് വീഡിയോയില്‍ ചിലര്‍ കമന്റ് ചെയ്തിട്ടുള്ളത്. അടുത്തിടെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞ കാര്യവും ഇതോടൊപ്പം ചിലര്‍ ചേര്‍ത്തു വായിച്ചു. ‘ഭരത് ചന്ദ്രന്‍ എന്ന കഥാപാത്രം ഒഴിഞ്ഞുപോകാത്തതുകൊണ്ട് കാക്കി തൊപ്പിയും ലാത്തിയും കൊണ്ടാണ് സുരേഷ് ഗോപി നടന്നത്’ എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്.

ഗണേഷ് പറഞ്ഞത് സത്യമായിരിക്കുമെന്നും ഭരത് ചന്ദ്രന്റെ യൂണിഫോം ധരിച്ചായിരിക്കും സുരേഷ് ഗോപി ഉറങ്ങുന്നതെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. എന്നാല്‍ ആ ഷര്‍ട്ട് ആരെങ്കിലും സുരേഷ് ഗോപിക്ക് സമ്മാനമായി നല്‍കിയാതാകാമെന്നും ചിലര്‍ വാദിക്കുന്നുണ്ട്.

കഴിഞ്ഞദിവസം കോഴിക്കോട് ഉള്ള്യേരിയില്‍ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്ത ശേഷം സുരേഷ് ഗോപി പറഞ്ഞ വാക്കുകളും ട്രോളിന് വിധേയമായിരുന്നു. പെട്രോള്‍ പമ്പിലെ ശൗചാലയം യാത്രക്കാര്‍ക്കും ഉപയോഗിക്കാമെന്നും എന്നാല്‍ പരിസരത്തെ വീടുകളില്‍ ശൗചാലയം പണിയാത്തവര്‍ ഇത് ഉപയോഗിക്കരുതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

‘വീടുകളില്‍ ശൗചാലയം ഇല്ലാതിരിക്കാന്‍ ഇത് ഗുജറാത്തോ യു.പിയോ അല്ലെന്ന് കേന്ദ്രമന്ത്രിയെ ഓര്‍മിപ്പിക്കൂ’, ‘യു.പിയിലെ പെട്രോള്‍ പമ്പാണ് ഉദ്ഘാടനം ചെയ്യുന്നത് എന്ന് അദ്ദേഹം വിചാരിച്ചുകാണും’, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയുടെ താഴെ പലരും പങ്കുവെച്ചത്.

Content Highlight: Suresh Gopi wares the shirt with his own photo

We use cookies to give you the best possible experience. Learn more