| Sunday, 22nd February 2026, 11:44 am

'ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം' പുതിയ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാഗേന്ദു. പി.ആര്‍

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്ന് തൃശൂര്‍ എം.പിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഇതിനപ്പുറം ഒന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി പുനര്‍ജനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി വിവാദത്തിലായിരുന്നു. വിശ്വാസികളല്ലാത്തവരെ ഉന്മൂലനം ചെയ്യണമെന്നും സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എം.പി തന്റെ പുതിയ ആഗ്രഹം അറിയിച്ചിരിക്കുന്നത്.

ചടങ്ങില്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങളെയും ബി.ജെ.പി എം.പി വിമര്‍ശിച്ചു. മാധ്യമങ്ങളെ കൊണ്ട് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ടെന്നാണ് വിമര്‍ശനം.

‘ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകണമെന്ന ആഗ്രഹം പറഞ്ഞാല്‍ അപകടമാകില്ലെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ സുരേഷ് ഗോപി രാജിവെച്ചുവെന്ന തരത്തില്‍ വാര്‍ത്ത വരും. അതുമല്ലെങ്കില്‍ സുരേഷ് ഗോപി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായിട്ട് പോയെന്നായിരിക്കും വാര്‍ത്ത. ഇതൊക്കെ വലിയ പുകിലാക്കി കളയും. ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ട്,’ സുരേഷ് ഗോപി പറഞ്ഞു.

വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച വനിതാ പ്രതിഭകള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തതിന് പിന്നാലെയായിരുന്നു എം.പിയുടെ പരാമര്‍ശം. കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് വിവാന്തയിലാണ് അവാര്‍ഡുദാന ചടങ്ങ് നടന്നത്.

സ്ത്രീകള്‍ വെറും വികസനത്തിന്റെ ഗുണഭോക്താക്കളല്ലെന്നും മറിച്ച് രാജ്യത്തിന്റെ പുരോഗതിയുടെ ശില്‍പികളാണെന്നും സുരേഷ് ഗോപി പറഞ്ഞു. ശാക്തീകരണം എന്നത് അധികാരം നല്‍കുന്നതല്ല, മറിച്ച് സ്ത്രീകളുടെ ഉള്ളില്‍ ഒതുങ്ങികൂടിയ ശക്തിയെ തിരിച്ചറിയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ പുരോഗമനപരമായ സ്വത്വം സംസ്ഥാനത്തെ സ്ത്രീകളുടെ ശക്തിയിലും പ്രതിരോധശേഷിയിലും വേരൂന്നിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. അവര്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു. വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുന്നു. തടസങ്ങളെ അവസരങ്ങളാക്കി മാറ്റുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Suresh Gopi wants to die serving Guruvayoorappan as the chairman of the Guruvayoor Devaswom Board

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more