കോഴിക്കോട്: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കസ്റ്റഡിയിലെടുത്ത മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തില്‍ പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രി ആയിരുന്നിട്ടുകൂടി മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കാതിരിക്കുന്ന സുരേഷ് ഗോപിക്കെതിരെ നിലവില്‍ വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്.
ഇന്നലെ (തിങ്കള്‍) അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തോടനുബന്ധിച്ച് സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനെ മുന്‍നിര്‍ത്തി കൂടിയാണ് സുരേഷ് ഗോപിക്കെതിരെ വിമര്‍ശനമുയരുന്നത്.
‘പുഞ്ചിരി ഒരു തിരിവെട്ടമാണ്…
കരുണയോടെ ഞാന്‍ പുഞ്ചിരിക്കും…’
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ആശംസകള്‍…,’ സുരേഷ് ഗോപിയുടെ പോസ്റ്റ് ഇങ്ങനെ.
ഇപ്പോള്‍ ഈ പോസ്റ്റിന് താഴെ സുരേഷ് ഗോപിയെ വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് ഉയരുന്നത്. ചിലര്‍ ഛത്തീസ്ഗഡിലെ കാര്യം മന്ത്രി അറിഞ്ഞോയെന്നും മറ്റുചിലര്‍ മന്ത്രി ഈ വിഷയത്തിലും മൗനം തന്നെയാണെന്നും പ്രതികരിച്ചു. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സുരേഷ് ഗോപി ഇടപെടണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചവരോട് സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നിങ്ങള്‍ നീതി പ്രതീക്ഷിക്കുന്നുണ്ടോയെന്ന് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നു. ബി.ജെ.പി ഭരണത്തിലിരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരില്‍ ബി.ജെ.പി എം.പിയായ സുരേഷ് ഗോപിക്ക് എന്തുകൊണ്ട് സമ്മര്‍ദം ചെലുത്താനാകുന്നില്ലെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. തൃശൂര്‍ക്കാര്‍ക്ക് ഒരു ചെമ്പ് കൂടി കൊടുക്കാനുള്ള പദ്ധതി സുരേഷ് ഗോപിക്കുണ്ടെന്ന് ഒരാള്‍ പരിഹസിച്ചു.
‘കീരീടവും കായക്കൊലയും കൊലയും കേക്കും കൊണ്ട് ഒരു ഭാഗത്ത് അരമനകള്‍ കേറി ഇറങ്ങ്…. മറുഭാഗത്ത് പുരോഹിതരെയും കന്യാസ്ത്രീകളെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്ക്,’മറ്റൊരാള്‍ കുറിച്ചു. ‘കേരളത്തിന്റെ മുന്ന’ ഇപ്പോഴാ ശരിയായതെന്നും ചിലര്‍ പറയുന്നു.
ഇതിനിടെ ‘മാതാവിന് സ്വര്‍ണ കിരീടം മാത്രം നല്‍കിയാല്‍ പോരാ’ എന്ന് പറഞ്ഞുകൊണ്ട് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജെസ്സല്‍ വര്‍ഗീസും സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തി. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തയ്യാറാകണണമെന്നും ജെസ്സല്‍ പ്രതികരിച്ചു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ തൃശൂരിലെ ലൂർദ് മാത പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണ്ണക്കിരീടം സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജെസ്സലിന്റെ വിമർശനം.
ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്.
സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു. നിലവില്‍ മലയാളി കന്യാസ്ത്രീകളെ തടവിലാക്കിയതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വിഷയം പാര്‍ലമെന്റില്‍ വീണ്ടും ഉന്നയിക്കുമെന്നാണ് വിവരം.
Content Highlight: Suresh Gopi, who praises Alphonsamma, has not seen the arrested Malayali nuns? Social media with questions