തൃശൂര്‍: വ്യക്തിപരമായ നിവേദനങ്ങള്‍ നേരിട്ട് നല്‍കരുതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കലുങ്ക് സംവാദത്തിനിടയിലാണ് സുരേഷ് ഗോപിയുടെ നിര്‍ദേശം. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
‘കലുങ്ക് സംവാദത്തില്‍ വ്യക്തിപരമായ ഒരു ആവശ്യങ്ങളും പരിഗണിക്കപ്പെടുന്നതല്ല. പിന്നെ അത് വെച്ച് കൊയ്ത്ത് നടത്താന്‍ ചില മാക്രികള്‍ കാത്തിരിക്കുകയാണ്. നിവേദനവുമായി എന്റെ പക്കലെത്തുന്നവരെ വരുന്ന വഴിക്ക് തന്നെ ഞാന്‍ അവഹേളിച്ച് വിട്ടാല്‍ അപ്പോള്‍ തന്നെ അവര്‍ക്ക് കാര്യം സാധ്യമാകും,’ സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ പുള്ളില്‍ നടത്തിയ കലുങ്ക് സംവാദത്തിനിടെ സുരേഷ് ഗോപി അവഹേളിച്ചുവിട്ട കൊച്ചുവേലായുധന് സി.പി.ഐ.എം തൃശൂര്‍ ജില്ലാ കമ്മിറ്റി വീട് വെച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
വീട് പണിയുന്നതിന്റെ പ്രരംഭഘട്ട നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ ‘മാക്രി’ പരാമര്‍ശം. കേരളം നന്നാകുന്നതിന് വേണ്ടിയാണ് കലുങ്ക് സംവാദം നടത്തുന്നതെന്നും പ്രജകളാണ് ഇവിടുത്തെ രാജാക്കന്മാരെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് കിറ്റുമായി വന്നാല്‍ വലിച്ചെറിയണമെന്നും സുരേഷ് ഗോപിയുടെ നിര്‍ദേശമുണ്ട്. ഹിന്ദുക്കള്‍ക്ക് വേദപഠനത്തിനുള്ള അവസരം ഉണ്ടാക്കാനാകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് പരാമര്‍ശം.
ഹിന്ദുക്കള്‍ക്കുള്ള വേദപഠനം നടത്താന്‍ എം.എല്‍.എയോട് പറയണമെന്നും മന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാരാണ് വേദപഠനം നടത്തേണ്ടതെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ കൈയിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.
മുമ്പ് കൊച്ചുവേലായുധന് പുറമെ ഇരിങ്ങാലക്കുട കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരിച്ച് ലഭിക്കുമോ എന്ന് ചോദിച്ച വയോധികയെയും സുരേഷ് ഗോപി അപമാനിച്ചിരുന്നു. ‘മുഖ്യമന്ത്രിയോട് ചോദിക്ക്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
ഇതിനുപിന്നാലെ സുരേഷ് ഗോപിക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളില്‍ ചിലര്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
നിരന്തരമായ സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശങ്ങള്‍ കേരള ബി.ജെ.പി ഘടകത്തിന് തിരിച്ചടിയാകുന്നുണ്ടെന്നും സഹമന്ത്രിയെ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പരാതി.
Content Highlight: Suresh Gopi says personal petitions should not be submitted directly