സെന്‍സര്‍ ബോര്‍ഡിന്റെ അതിവിചിത്രവാദത്തിനും പിന്നാലെ വന്ന കോലഹലങ്ങള്‍ക്കുമൊടുവില്‍ പേര് മാറ്റി തിയേറ്ററിലെത്തിയ ചിത്രമാണ് ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള. നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായെത്തിയത് സുരേഷ് ഗോപിയാണ്. അഡ്വക്കേറ്റ് ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി വേഷമിട്ടത്.
വളരെ ശക്തമായ പ്രമേയം മുന്നോട്ടുവെക്കുന്ന സിനിമ കെട്ടുറപ്പില്ലാത്ത തിരക്കഥ കൊണ്ടും മോശം മേക്കിങ് കൊണ്ടും ശരാശരിയിലും താഴെയുള്ള അനുഭവമായി മാറി. ബി.ജെ.പിയുടെ എം.പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ രാഷ്ട്രീയം സിനിമയില്‍ പലയിടത്തും അനാവശ്യമായി തിരുകിക്കയറ്റിയത് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.
കെ. റെയില്‍, പാലങ്ങള്‍, റോഡുകള്‍ ഇവയൊന്നും വികസനമല്ലെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ഇതൊന്നുമല്ലെന്നും സുരേഷ് ഗോപിയുടെ കഥാപാത്രം സിനിമയില്‍ ഒരിടത്ത് പറയുന്നുണ്ട്. കേരളത്തെ താഴ്ത്തിക്കെട്ടിക്കൊണ്ടുള്ള ചില ഡയലോഗുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ രസകരമായ മറ്റൊരു രംഗമാണ് സിനിമയുടെ ഹൈലൈറ്റ്.
പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പിനെതിരെ ഡേവിഡ് വക്കീല്‍ കേസിന് പോകുമ്പോള്‍ അയാളെ തടയാന്‍ സ്ഥലം എം.എല്‍.എ ശ്രമിക്കുന്നുണ്ട്. നിസ്താര്‍ സേട്ടാണ് എം.എല്‍.എയായി വേഷമിട്ടത്. സമവായ ചര്‍ച്ചക്ക് വിളിക്കുന്ന ഡേവിഡിനോട് എം.എല്‍.എ ക്ഷോഭിക്കുന്ന സീനില്‍ തിരിച്ച് സുരേഷ് ഗോപിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് സെല്‍ഫ് ട്രോളായി മാറി.
‘രാഷ്ട്രീയത്തിലേക്കിറങ്ങിയ സമയം മുതല്‍ മത്സരിച്ച എല്ലാ ഇലക്ഷനും തോറ്റ് ഒടുവില്‍ തിരുമേനിമാരുടെ അരമന മുഴുവന്‍ നിരങ്ങി സഭയുടെ വോട്ട് പിടിച്ച് മൃഗീയ ഭൂരിപക്ഷത്തില്‍ ജയിച്ച തന്നെപ്പോലുള്ള രാഷ്ട്രീയക്കാരനോട് പുച്ഛം മാത്രമേയുള്ളൂ’ എന്നാണ് ഡേവിഡിന്റെ മാസ് ഡയലോഗ്. റിയല്‍ ലൈഫില്‍ സുരേഷ് ഗോപിക്കുള്ള വിമര്‍ശനമാണ് ഈ ഡയലോഗെന്ന് ഒരുവേള പ്രേക്ഷകന് തന്നെ തോന്നും. അവരെ തെറ്റ് പറയാനാകില്ല.
കഴിഞ്ഞ ലോക്‌സഭ ഇലക്ഷന് സുരേഷ് ഗോപി തൃശൂരിലെയും കുന്നംകുളത്തെയും പള്ളികളിലും അരമനകളിലും കയറി വോട്ട് ചോദിച്ചിരുന്നു. തൃശൂരിലെ ലൂര്‍ദ് പള്ളിയില്‍ മാതാവിന് ‘സ്വര്‍ണ’ക്കിരീടം നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. സിനിമയിലെ മാസ് ഡയലോഗ് ജീവിതത്തിലും പാലിച്ചിരുന്നെങ്കില്‍ ഇങ്ങനെ ട്രോള്‍ ചെയ്യപ്പെടുമോ എന്നാണ് ചോദ്യമുയരുന്നത്.
കേരളത്തിലെ സര്‍ക്കാര്‍ ക്രിസ്ത്യന്‍ സഭയുടെ ദയവിലാണ് ഭരണം കൈയാളുന്നതെന്നും ഇവിടെയുള്ള സിസ്റ്റം ശരിയല്ലെന്നും ഡേവിഡ് വക്കീല്‍ പറയുന്നുണ്ട്. മതപുരോഹിതന്മാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഇന്നാട്ടിലെ പവര്‍ പൊളിറ്റിക്‌സിനോട് തനിക്ക് പുച്ഛമാണെന്നും പറഞ്ഞ് വാക്ക് ഔട്ട് ചെയ്യുന്ന ഡേവിഡ് ആബേലിന്റെ സീനിനെതിരെ ട്രോളുകളുയരുന്നുണ്ട്.
Content Highlight: Suresh Gopi’s mass scene in JSK movie criticizing on Social Media