| Monday, 18th August 2025, 5:47 pm

സിനിമയില്‍ 'മാധ്യമങ്ങളെ മാന്തും' എന്ന് മാസ് ഡയലോഗ്, ജീവിതത്തില്‍ 'നിങ്ങളൊക്കെ ആരാണ്' എന്ന് ചോദിച്ച് മുങ്ങല്‍, ജസ്റ്റ് സുരേഷ് ഗോപി Things

അമര്‍നാഥ് എം.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ നടന്മാരില്‍ ഒരാളാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം അനുയായികളുമായി നല്ല ഇമേജുണ്ടാക്കിയെടുത്ത അദ്ദേഹം ഇന്ന് കേന്ദ്രമന്ത്രിസ്ഥാനവും സ്വന്തമാക്കി. മന്ത്രിസ്ഥാനം ലഭിച്ചതിന് ശേഷം തിയേറ്ററുകളിലെത്തിയ സുരേഷ് ഗോപി ചിത്രമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള.

സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നു എന്ന ലേബലില്‍ ഒരുങ്ങിയ ചിത്രത്തില്‍ കൂടുതലും കേരളത്തെ വിമര്‍ശിക്കുന്ന രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘കേരളം നമ്പര്‍ വണ്‍ അല്ല, സ്ത്രീകള്‍ക്ക് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ മൂത്രമൊഴിക്കണമെങ്കില്‍ വീട്ടിലേക്ക് വരണം’ എന്നിങ്ങനെ കേരളത്തെക്കുറിച്ചുള്ള കുറ്റങ്ങളാണ് സുരേഷ് ഗോപി അവതരിപ്പിച്ച ഡേവിഡ് ആബേല്‍ ഡോണോവന്‍ സിനിമയില്‍ പറയുന്നത്.

ഒപ്പം എല്ലായ്‌പ്പോഴും വിടാതെ പിന്തുടരുന്ന മാധ്യമങ്ങളോട് മാസ് ഡയലോഗ് അടിക്കാനും സുരേഷ് ഗോപി മറന്നിട്ടില്ല. ‘എന്നെക്കേറി ചൊറിയാന്‍ നിന്നാല്‍ ഞാന്‍ തിരിച്ച് മാന്തും’ എന്നൊക്കെ ഗംഭീര ഡയലോഗ് പറയുന്നുണ്ട്. എന്നാല്‍ റിയല്‍ ലൈഫില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ ‘നിങ്ങളൊക്കെ ആരാ, ആളാകാന്‍ വരരുത്, വാനരന്മാര്‍’ തുടങ്ങിയ ഡയലോഗടിച്ച് ഉത്തരം മുട്ടുന്ന സുരേഷ് ഗോപി ട്രോളന്മാരുടെ ഇരയാകാറുണ്ട്.

ജീവിതത്തില്‍ ചെയ്യാന്‍ പറ്റാത്ത കാര്യം സിനിമയില്‍ ചെയ്യാനായല്ലോ എന്ന സംതൃപ്തിയായിരിക്കും ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയിലെ ഡയലോഗുകള്‍ പറഞ്ഞപ്പോള്‍ സുരേഷ് ഗോപിക്ക് തോന്നിയിട്ടുണ്ടാവുക. ഇതെല്ലാം മാസ് ഡയലോഗാണെന്ന് ആരൊക്കെയോ അദ്ദേഹത്തെ പറഞ്ഞ് പറ്റിച്ചിട്ടുണ്ടാവും. ചിത്രത്തിന്റെ കഥയെക്കുറിച്ചും റിലീസ് സമയത്ത് തന്നെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ജന ഗണ മനയിലും എമ്പുരാനിലും കേന്ദ്ര സര്‍ക്കാരിന് ലഭിച്ച വിമര്‍ശനത്തിന് പകരമായി ഒരുക്കിയ സിനിമയായി ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തെ വിശേഷിപ്പിച്ചാല്‍ തെറ്റ് പറയാനാകില്ല. കേരളത്തില്‍ സ്ത്രീകളാരും സുരക്ഷിതരല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന നായകന്‍ വാക്കുകൊണ്ട് പോലും മറ്റ് സംസ്ഥാനങ്ങളെ നോവിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

കഥയുമായി യാതൊരു ബന്ധവുമില്ലെങ്കിലും കരുവന്നൂര്‍ തട്ടിപ്പിന് സമാനമായൊരു പ്ലോട്ട് ചിത്രത്തില്‍ തിരുകിക്കയറ്റുകയും പ്രശ്‌നബാധിതര്‍ക്ക് വേണ്ടി താന്‍ അവസാനം വരെ നില്‍ക്കുമെന്ന് പൊലീസ് സ്റ്റേഷന്റെ അകത്ത് കയറി മാസ് ഡയലോഗടിക്കാനും സുരേഷ് ഗോപിയുടെ ഡേവിഡ് വക്കീല്‍ മറന്നിട്ടില്ല. മൊത്തത്തില്‍ തന്റെ രാഷ്ട്രീയം പറയാന്‍ വേണ്ടി മാത്രം സുരേഷ് ഗോപി ചെയ്ത ഒരു സിനിമയായി ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ കണക്കാക്കാം.

Content Highlight: Suresh Gopi’s dialogues in Janaki vs State of Kerala movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more