തൃശൂര്‍: ഇരട്ടവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സി.പി.ഐ.എം മാര്‍ച്ച്. തൃശൂരിലെ ചേരൂരില്‍ പ്രവര്‍ത്തിക്കുന്ന എം.പി ഓഫീസിലേക്കാണ് സി.പി.ഐ.എം മാര്‍ച്ച് നടത്തിയത്.
വോട്ട് ചോരി വിവാദത്തിലും മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിലും സുരേഷ് ഗോപി മൗനം വെടിയാത്ത പശ്ചാത്തലത്തിലാണ് സി.പി.ഐ.എമ്മിന്റെ പ്രതിഷേധം.
‘തൃശൂര്‍ എടുത്തതല്ല, കട്ടതാണ്’ എന്ന മുദ്രാവാക്യങ്ങളോട് കൂടിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി. എം.പി ഓഫീസിന്റെ മുന്നിലുള്ള ബോര്‍ഡില്‍ കരി ഓയിൽ ഒഴിച്ചതിന് സി.പി.ഐ.എം പ്രവര്‍ത്തകനായ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കണക്കുകള്‍ നിരത്തി രാജ്യത്തുടനീളം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് തൃശൂരില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായത്.
നേരത്തെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍കുമാര്‍ ബി.ജെ.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
കൂടാതെ മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍. പ്രതാപന്‍ സുരേഷ് ഗോപിക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.എന്‍. പ്രതാപന്റെ പരാതി. നിലവില്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ തൃശൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം വോട്ട് ചോരി വിവാദത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും അദ്ദേഹത്തിന്റെ പങ്കാളി റാണിയ്ക്കും ഒരേസമയം കൊല്ലത്തും തൃശൂരും വോട്ടുള്ളതായി കണ്ടെത്തിയിരുന്നു.
ലക്ഷ്മി നിവാസ് എന്ന സുരേഷ് ഗോപിയുടെ കുടുംബ വീടിന്റെ അഡ്രസ്സിലാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരുവരുടെയും പേരുകളുള്ളത്.
തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭാരത് ഹെറിറ്റേജ് വീടിന്റെ മേല്‍വിലാസത്തിലാണ് സുഭാഷ് ഗോപിയുടെയും റാണിയുടേയും പേര് ചേര്‍ത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് തൃശൂരിലെ യു.ഡി.എഫ്/എല്‍.ഡി.എഫ് മുന്നണികള്‍ പ്രതിഷേധം കനപ്പിച്ചത്.
Content Highlight: CPIM march to Suresh Gopi’s office in Thrissur