| Wednesday, 14th January 2026, 8:57 am

കേരളത്തില്‍ എയിംസ് വന്നിരിക്കും മറ്റേ മോനേ... വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുരേഷ് ഗോപി

ആദര്‍ശ് എം.കെ.

തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ഗോപി ആരെയും പേരെടുത്ത് പറയാതെ, എന്നാല്‍ ഒളിയമ്പുമായി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

‘പുച്ഛം കാണും, കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും, അത് അവരുടെ ഡി.എന്‍.എയാണ്. അത് അവര്‍ ചെയ്തുകൊണ്ടേയിരിക്കും.

പി.ഒ.എസ്. മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാര്‍ക്കറ്റില്‍ വരെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധന്‍, സുപ്രീം കോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ. അവരുടെ കയ്യില്‍ മൊബൈലുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്.

ഇന്ന് ബ്രിട്ടണിലെ ഒരു സംഘം വന്നപ്പോള്‍ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകള്‍ എന്താണ് മറുപടി കൊടുത്തത്, വീ ഡോണ്ട് ടേക്ക് കറന്‍സി എന്ന്. ഈ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കില്‍ കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ,’ സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ തെറി വാക്കുകളെയും അധിക്ഷേപ പരാമര്‍ശങ്ങളെയുമടക്കം കയ്യടികളോടെയാണ് സദസ് ഏറ്റെടുത്തത്.

ഏയിംസ് സ്ഥാപിക്കാന്‍ അഞ്ച് ജില്ലകള്‍ നിര്‍ദേശിക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ എയിംസ് വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, രാഷ്ട്രീയമായും സാമൂഹികമായും വഞ്ചിക്കപ്പെട്ടും അവഗണിക്കപ്പെട്ടും കിടക്കുന്ന ജില്ല എന്ന നിലയില്‍ ആലപ്പുഴയ്ക്കാണ് അതിന് അര്‍ഹതയെന്നും തൃശൂര്‍ എം.പി പറഞ്ഞു.

‘തീര്‍ച്ചയായും കേരളത്തില്‍ ഒരു ജില്ലയില്‍ എയിംസ് വരും. അത് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവര്‍ ആ ഭയത്തില്‍ മുങ്ങി മരിക്കട്ടെ.

എയിംസ് എവിടെ വന്നാലും സന്തോഷമാണ്. ആലപ്പുഴയില്‍ അത് അസാധ്യമാണെങ്കില്‍ പിന്നെ തീര്‍ച്ചയായും മോദി സര്‍ക്കാരിന് കടപ്പാട് വേണ്ടത് തൃശൂര്‍ ജില്ലയിലെ ജനങ്ങളോടാണ്. അസാധ്യമായ ചരിത്രം രചിച്ച മണ്ണാണ് തൃശൂര്‍. അവിടുത്തെ ജനങ്ങളാണ് അത് രചിച്ചത്. അതിനുള്ള പ്രത്യുപകാരമായിരിക്കണം ഈ സ്ഥാപനം തൃശൂരില്‍ വരിക എന്നുള്ളത്.

2016 മുതല്‍ കൂടുതല്‍ ജില്ലകളുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല, അഞ്ച് ജില്ലകളുടെ പേര് നിര്‍ദേശിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അതില്‍ ചില അവിശുദ്ധ താത്പര്യങ്ങളുണ്ട്. അത് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കപ്പെടണം. യോഗ്യമായ സ്ഥലത്ത് എവിടെ എയിംസ് വന്നാലും സന്തോഷമാണ്,’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Content Highlight: Suresh Gopi makes another abusive remark

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more