| Wednesday, 17th September 2025, 3:19 pm

"എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ" സഹായം ചോദിച്ച വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: നിവേദനം നിരസിച്ച് വയോധികനെ അപമാനിച്ചതിന് പിന്നാലെ സഹായം ചോദിച്ചെത്തിയ വയോധികയെ പരിഹസിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിലെ കലുങ്ക് സംവാദത്തിനിടെയാണ് സംഭവം. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നായിരുന്നു വയോധികയുടെ ആവശ്യം. അത് തനിക്ക് ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

പിന്നാലെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് തനിക്ക് നേരിട്ട് പോകാന്‍ കഴിയുമോ എന്ന് വയോധിക ചോദിച്ചപ്പോഴാണ് ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് പറഞ്ഞ് സുരേഷ് ഗോപി പരിഹസിക്കുകയായിരുന്നു. കൂടാതെ നിങ്ങളുടെ തൊട്ടടുത്തല്ലേ മന്ത്രി താമസിക്കുന്നത് അവരോട് ചോദിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സമയം നിങ്ങളും ഞങ്ങളുടെ മന്ത്രിയല്ലേ എന്ന് ചോദിച്ച വയോധികയോട് ഞാന്‍ നിങ്ങളുടെ മന്ത്രിയല്ലെന്നും രാജ്യത്തിന്റെ മന്ത്രിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആനന്ദവല്ലി എന്ന വയോധികയോടായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം.

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദത്തിനിടയില്‍ നിവേദനം നല്‍കാനെത്തിയ വയോധികനെയും സുരേഷ് ഗോപി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധന്‍ എന്ന വയോധികനെയാണ് നിവേദനം നിരസിച്ച് കൊണ്ട് സുരേഷ് ഗോപി അപമാനിച്ചത്. അപമാനിതതനായ കൊച്ചുവേലായുധന് സി.പി.ഐ.എം വീട് നിര്‍മിച്ചു നല്‍കുമെന്ന് ജില്ല സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേ സമയം കൊച്ചുവേലായുധന്റെ നിവേദനം നിരസിച്ചത് ഒരു കൈപ്പിഴയാണെന്നാണ് സുരേഷ് ഗോപി ഇന്ന് പറഞ്ഞത്. ഈ കൈപ്പിഴയുടെ പേരില്‍ കലുങ്ക് സംവാദം എന്ന പരിപാടിയുടെ ശോഭ കെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. 14 ജില്ലകളിലും ഇത്തരം സംവാദങ്ങള്‍ നടത്തുമെന്നും നിവേദനങ്ങള്‍ ബി.ജെ.പി. ജില്ല പ്രസിഡന്റുമാരെ ഏല്‍പിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പരിപാടിയില്‍ പറഞ്ഞു.

content highlights: Suresh Gopi​ Insult the elderly woman who asked for help

We use cookies to give you the best possible experience. Learn more