തൃശൂര്‍: വോട്ട് ക്രമക്കേടുകളെ കുറിച്ച് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്നലെ ക്യാമ്പ് ഓഫീസില്‍ വെച്ച് സി.പി. ഐ. എമ്മും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടലുണ്ടായിരുന്നു. ക്യാമ്പ് ഓഫീസിന്റെ ബോര്‍ഡില്‍ സി.പി. ഐ. എം പ്രവര്‍ത്തകര്‍ കരിയോയില്‍ ഒഴിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. ‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’എന്ന പരിഹാസ വാക്ക് മാത്രമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം ദല്‍ഹിയിലും വോട്ടര്‍ പട്ടിക ക്രമക്കേടിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയാണ് സുരേഷ് ഗോപി ചെയ്തത്. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ മുദ്രാവാക്യം വിളികളോടെയാണ് കഴിഞ്ഞ ദിവസം സി.പി.ഐ.എം മാര്‍ച്ച് സംഘടിപ്പിച്ചത്.
‘തൃശൂര്‍ എടുത്തതല്ല, കട്ടതാണ്’ എന്ന മുദ്രാവാക്യങ്ങളോട് കൂടിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി. എം.പി ഓഫീസിന്റെ മുന്നിലുള്ള ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതിന് സി. പി .ഐ .എം പ്രവര്‍ത്തകനായ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി. പി. ഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍കുമാര്‍ ബി.ജെ.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
കൂടാതെ മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍. പ്രതാപന്‍ സുരേഷ് ഗോപിക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.എന്‍. പ്രതാപന്റെ പരാതി.
Content Highlight: Suresh Gopi did not respond to media questions about voting irregularities