ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ തമിഴ് ചിത്രമാണ് കെൻ കരുണാസ് സംവിധായകനായും നായകനായും എത്തിയ ‘യൂത്ത്’.
വലിയ താരനിരയോ ഹൈപ്പോ ഒന്നുമില്ലാതെയെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് നേടിയത്. റിലീസിന് പിന്നാലെ തന്നെ യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകരിലും സിനിമ വലിയ ചർച്ചയായി മാറുകയും ചെയ്തു.
യൂത്ത്,Photo: IMDb
ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് സുരാജ്.
കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലെ ഒരു പ്രധാന സീനിനെ കുറിച്ചായിരുന്നു സുരാജ് സംസാരിച്ചത്.
മകന്റെ വിജയ നിമിഷത്തിൽ ഒരു അച്ഛന്റെ മനസിൽ ഉണ്ടാകുന്ന വികാരങ്ങളെ കൂടുതൽ ശക്തമായി അവതരിപ്പിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് താരം പറഞ്ഞു.
‘യൂത്ത് സിനിമയിൽ അവൻ സ്കൂളിൽ ചെന്നിട്ട് റിസൾട്ട് വന്നു ഫസ്റ്റ് റാങ്ക് എന്ന് പറയുമ്പോൾ എല്ലാ ആളുകളും വന്ന് അവനെ അഭിനന്ദിച്ച് കൈ കൊടുക്കും. ശരിക്കും ആ സീനിൽ അവന് കൈ കൊടുക്കുമ്പോൾ ഞാൻ ഇങ്ങനെ നോക്കുന്നതെ ഉണ്ടായിരുന്നുള്ളു.
ഞാൻ സംവിധായകനോട് പറഞ്ഞു ഇങ്ങനെ കൈ തരുമ്പോൾ എന്നെയും കൂടെ അപ്രിസിയേറ്റ് ചെയ്ത് ആരെങ്കിലും കൈ തന്നാൽ കുറച്ചു കൂടി നന്നായിരിക്കില്ലേ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു ആ ഓക്കേ അങ്ങനെ എനിക്ക് കൂടെ കൈ തരാൻ പറഞ്ഞു. കാരണം ആ മകന്റെ വിജയം ഒരച്ഛന് കിട്ടുന്ന അംഗീകാരം കൂടിയാണ്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
യൂത്ത്,Photo: IMDb
സുരാജിന്റെ ഈ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു അച്ഛന്റെ ഉള്ളിലെ അഭിമാനവും സന്തോഷവും വളരെ ലളിതമായി പറഞ്ഞുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സിനിമയിലെ ആ രംഗം കൂടുതൽ ഹൃദയസ്പർശിയായി മാറാൻ കാരണം സുരാജ് മുന്നോട്ടുവെച്ച ആ ചെറിയ നിർദേശമാണെന്നും ആരാധകർ പറയുന്നു.
ഹാസ്യവും ഗൗരവവും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനെന്ന നിലയിൽ സുരാജ് വെഞ്ഞാറമൂട്, വീണ്ടും തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്. ‘യൂത്ത്’ സിനിമയിലും താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Content Highlight: Suraj Venjaramoodu talks about youth cinema