മലയാളികള്‍ക്ക് മികച്ച നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേതാക്കളില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. താന്‍ നടനാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചും അതിനായി ഒരുപാട് പരിശ്രമിച്ചുമാണ് ഇവിടെ വരെ എത്തിയതെന്ന് പറയുകയാണ് അദ്ദേഹം.
നന്ദിയോടെയും സ്‌നേഹത്തോടെയും മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഒരുപാട് മുഖങ്ങള്‍ ഇന്ന് മനസില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ടെന്നും നടന്‍ പറയുന്നു. ഇഷ്ടപ്പെട്ട മേഖലയില്‍ എത്താന്‍ കഴിഞ്ഞുവെന്നതാണ് ജീവിതം നല്‍കുന്ന സന്തോഷങ്ങളില്‍ ഏറ്റവും വലുതെന്നും സുരാജ് പറഞ്ഞു.
‘ഞാന്‍ പഠിച്ചിറങ്ങിയ സ്‌കൂളുകളിലേക്ക് മുഖ്യാതിഥിയായി ചെല്ലുമ്പോഴും പഠിപ്പിച്ച അധ്യാപകര്‍ അഭിമാനത്തോടെ എന്നെക്കുറിച്ച് പറയുമ്പോഴും അഭിനയിച്ച വേഷം നന്നായി എന്ന് പറയുമ്പോഴും അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.
നടന്‍ എന്ന നിലയില്‍ പണവും പ്രശസ്തിയും ലഭിക്കുമ്പോഴും താന്‍ ഇന്നും വെഞ്ഞാറമൂടുകാരന്‍ വി.വി. സുരാജ് തന്നെയാണെന്നും സുരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒപ്പം തനിക്ക് ഏറെ അഭിനന്ദനം നേടി കൊടുത്ത കഥാപാത്രങ്ങളെ കുറിച്ചും നടന്‍ സംസാരിക്കുന്നു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ വേഷങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. അഭിനയ ജീവിതത്തില്‍ ആഹ്ലാദം നല്‍കിയ രണ്ട് വേഷങ്ങളാണ് ആ സിനിമകളിലെ ഭാസ്‌കരപൊതുവാളും എല്‍ദോയുമെന്ന് സുരാജ് പറഞ്ഞു.
ഭാസ്‌കരപൊതുവാളിന് വേണ്ടിയാണ് താന്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ സമയം മേക്കപ്പ് ചെയ്തതെന്നും രൂപം ഉറപ്പിക്കുന്നതിനായി രാവിലെ മുതല്‍ രാത്രിവരെ മേക്കപ്പ്മാന് മുന്നില്‍ ഇരുന്നുവെന്നും സുരാജ് പറയുന്നു.
Content Highlight: Suraj Venjaramoodu Talks About Cinema