| Wednesday, 4th March 2026, 7:48 am

'ഹീറോയും ഡയറക്ടറും നാൻ താ' അപ്പോൾ പ്രൊഡ്യൂസർ? ‘ഇല്ല റിസ്ക് മാത്രം ഞാൻ എടുക്കില്ല’; അച്ഛന്റേതല്ലേ മകൻ എന്ന് പ്രേക്ഷകർ

നന്ദന എം.സി

തമിഴിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് കെൻ കരുണാസ്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കരുണാസിന്റെ മകനായ കെൻ, അസുരൻ എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ 2 ലും കെൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഇപ്പോൾ കെൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘യൂത്ത്’ റിലീസിനൊരുങ്ങുകയാണ്. സംവിധായകനായി മാത്രമല്ല, ചിത്രത്തിലെ ലിറിക്‌സ് എഴുതിയും ഗാനം ആലപിച്ചും നായകനായും എത്തുന്നത് കെൻ തന്നെയാണ്.

യൂത്ത്, Photo: YouTube/ Screengrab

മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. ഇരുവരും ചേർന്നുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹാസ്യം കൈവിടാത്ത സുരാജ് അവിടെയും കാണികളെ ചിരിപ്പിച്ചു.

‘ഞാൻ കെനിനോട് ചോദിച്ചു, ലിറിക്‌സ് ആരാണ് എഴുതുന്നത്? ‘നാൻ താ സാർ”. പാട്ട് പാടുന്നത് ആരാണ്? ‘നാൻ താ സാർ’. ഹീറോ ആരാണ്? ‘നാൻ താ സാർ. അപ്പോൾ പ്രൊഡ്യൂസറും നിങ്ങളാണോ? ‘ഇല്ല സാർ, റിസ്ക് മാത്രം ഞാൻ എടുക്കില്ല’, എന്നായിരുന്നു അവന്റെ മറുപടി,’ സുരാജ് ചിരിച്ചുകൊണ്ട് പറഞ്ഞു.

വീട്ടിൽ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ, ‘എവിടെ വേണമെങ്കിലും പൊയ്ക്കോ, പക്ഷേ വൈകിട്ട് ആറുമണിക്ക് മുമ്പ് വീട്ടിൽ കയറണം’ എന്നായിരുന്നു വീട്ടിലെ നിർദേശം എന്നും സുരാജ് രസകരമായി ഓർത്തുപറഞ്ഞു. സേവനം ചെയ്യണമെങ്കിൽ മിലിട്ടറിയിൽ പോകണമെന്നില്ല, താൻ മിമിക്രിയിലൂടെ അത് ചെയ്യുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

കെൻ കരുണാസ്, സുരാജ് വെഞ്ഞാറമൂട് , Photo: YouTube/ Screengrab

കരുണാസിന്റെ മകനായതിനാൽ തന്നെ ‘അച്ഛന്റേതല്ലേ മകൻ’ എന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കോമഡിയുടെ കാര്യത്തിൽ അച്ഛന്റെ പാതയിലാണ് കെനും മുന്നേറുന്നതെന്നാണ് ആരാധകർ പറയുന്നുന്നത്.

ചിത്രത്തിൽ മലയാളിയായ അനിഷ്മയാണ് നായികയായി എത്തുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഐ ആം കാതലൻ വഴിയാണ് അനിഷ്മ സിനിമയിലേക്ക് എത്തിയത്. ബേസിൽ ജോസഫ് നായകനായെത്തിയ മരണമാസിലും അനിഷ്മ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വർഷം ഏറെ ചർച്ചയായ സിറൈ വഴിയും തമിഴിൽ സാന്നിധ്യം അറിയിച്ച താരം, കലൈയരസി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ രണ്ടാമത്തെ തമിഴ് ചിത്രത്തിലും അനിഷ്മ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്.

ചിത്രത്തിലെ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ജി.വി പ്രകാശ് കുമാർ ഒരുക്കിയ സംഗീതം ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. ഹാസ്യവും യുവത്വവും ചേർന്ന ഈ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Suraj Venjaramoodu spoke about Ken Karunas

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more