| Saturday, 14th March 2026, 11:15 am

രജിനി സാര്‍ എന്റെ ആ സിനിമ കണ്ട് ഗംഭീര പെര്‍ഫോമന്‍സാണെന്ന് പറഞ്ഞു, ജീവിതത്തില്‍ ഒരിക്കലും ഈ അനുഭവം മറക്കില്ല: സുരാജ് വെഞ്ഞാറമൂട്

അമര്‍നാഥ് എം.

മിമിക്രിയില്‍ നിന്ന് സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് മലയാളത്തില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി മാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. കരിയറിന്റെ തുടക്കത്തില്‍ കോമഡി റോളുകള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സുരാജ് പിന്നീട് സീരിയസ് വേഷങ്ങളിലേക്കും ട്രാക്ക് മാറി. മികച്ച നടനുള്ള ദേശീയ അവാര്‍ഡടക്കം സുരാജിനെ തേടിയെത്തിയിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത വീര ധീര സൂരനിലൂടെയായിരുന്നു സുരാജിന്റെ അരങ്ങേറ്റം. തമിഴിലെ എന്‍ട്രി തന്നെ താരം ഗംഭീരമാക്കി. രജിനികാന്ത് നായകനായെത്തുന്ന ജയിലര്‍ 2ലും സുരാജ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. രജിനിയോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

സുരാജ് വെഞ്ഞാറമൂട് Photo: Screen grab/ Cinema Vikatan

ജയിലര്‍ 2ല്‍ അഭിനയിക്കാനായി വിളിച്ചപ്പോള്‍ ആദ്യം അത് വിശ്വസിക്കാനായില്ലെന്ന് സുരാജ് പറഞ്ഞു. ചെറിയ വേഷമാണെന്ന് കരുതിയാണ് ചെന്നതെന്നും എന്നാല്‍ പ്രാധാന്യമുള്ള വേഷമായിരുന്നു തനിക്കെന്നും താരം കൂട്ടിച്ചേര്‍ത്തു. രജിനിയോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നെന്നും അദ്ദേഹം പറയുന്നു.

‘രജിനി സാറിന്റെ കൂടെയുള്ള കോമ്പിനേഷന്‍ സീനുകള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. അദ്ദേഹം നമ്മുടെ ഓപ്പോസിറ്റ് നില്‍ക്കുമ്പോള്‍ സാറ് ചെയ്ത എല്ലാ വേഷങ്ങളും നമ്മുടെ കണ്മുന്നില്‍ ഫ്‌ളാഷ് പോലെ മിന്നിമറഞ്ഞു. ആ കണ്ണിലേക്ക് നോക്കുമ്പോള്‍ ഡയലോഗൊക്കെ മറന്നുപോകുന്ന അവസ്ഥയായിരുന്നു. ആ ഫീലിങ് മറികടന്ന് ഡയലോഗ് പറയുകയായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി.

സുരാജ് വെഞ്ഞാറമൂട്, രജിനികാന്ത് Photo: Suraj Venjaramoodu/ Instagram

പക്ഷേ, അദ്ദേഹം തന്റെ കോ ആര്‍ട്ടിസ്റ്റുകളെ പരമാവധി സഹായിക്കുന്നയാളാണ്. നമ്മളെ അഭിനന്ദിക്കുകയും ചെയ്യും. വീര ധീര സൂരന്‍ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. ‘വീര ധീര സൂരന്‍ പടം കണ്ടിരുന്നു, നന്നായി അഭിനയിച്ചിട്ടുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ കൊണ്ടാണ് രജിനി സാര്‍ വണ്‍ ആന്‍ഡ് ഓണ്‍ലി സൂപ്പര്‍സ്റ്റാറായി ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റിലാണ് ജയിലര്‍ 2 ഒരുങ്ങുന്നത്. രജിനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുമ്പോള്‍ ആദ്യഭാഗത്തില്‍ അതിഥിവേഷം കൈകാര്യം ചെയ്ത ശിവ രാജ്കുമാര്‍, മോഹന്‍ലാല്‍ എന്നിവര്‍ ഇത്തവണയുമുണ്ട്. ഇവര്‍ക്ക് പുറമെ വിജയ് സേതുപതി, മിഥുന്‍ ചക്രവര്‍ത്തി എന്നിവരും ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാനും അതിഥിവേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Suraj Venjaramoodu shares the shooting experience with Rajnikanth

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more