| Tuesday, 10th March 2026, 10:36 pm

തമിഴില്‍ നിന്ന് ഒരുപാട് സ്‌ക്രിപ്റ്റ് കേട്ടിട്ടുണ്ടെങ്കിലും ഒരു കോണ്‍ഫിഡന്‍സുണ്ടായിരുന്നില്ല, അദ്ദേഹമാണ് എല്ലാം ശരിയാക്കിയത്: സുരാജ് വെഞ്ഞാറമൂട്

അമര്‍നാഥ് എം.

മിമിക്രിയില്‍ നിന്ന് സിനിമാലോകത്തേക്ക് കടന്നുവന്ന് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങളിലൂടെയാണ് കരിയര്‍ തുടങ്ങിയതെങ്കിലും ഇന്ന് ക്യാരക്ടര്‍ റോളുകളിലൂടെ വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും സുരാജ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സിനിമാജീവിതം ആരംഭിച്ചിട്ട് 20 വര്‍ഷത്തിലേറെയായെങ്കിലും കഴിഞ്ഞവര്‍ഷമാണ് സുരാജ് തമിഴില്‍ അരങ്ങേറിയത്. അരുണ്‍കുമാര്‍ എസ്.യു സംവിധാനം ചെയ്ത വീര ധീര സൂരനിലൂടെയായിരുന്നു സുരാജ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. വീര ധീര സൂരന് പിന്നാലെ നിരവധി തമിഴ് പ്രൊജക്ടുകളിലാണ് സുരാജ് ഭാഗമാകുന്നത്. രജിനികാന്ത് നായകനായെത്തുന്ന ജയിലര്‍ 2വും സുരാജിന്റെ ലൈനപ്പിലുണ്ട്.

കരിയര്‍ ആരംഭിച്ച് ഇത്രയും വര്‍ഷമായിട്ടും തമിഴില്‍ അരങ്ങേറാന്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. കോമഡിയില്‍ നിന്ന് സീരിയസിലേക്ക് ട്രാക്ക് മാറ്റിയപ്പോള്‍ മുതല്‍ ഒരുപാട് സ്‌ക്രിപ്റ്റുകള്‍ തമിഴില്‍ നിന്ന് തന്നെത്തേടി വന്നിട്ടുണ്ടായിരുന്നെന്ന് സുരാജ് പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരുപാട് കഥകള്‍ എന്നെത്തേടി വന്നിരുന്നു. അതെല്ലാം നല്ല കഥാപാത്രങ്ങളുമായിരുന്നു. പക്ഷേ, അതൊന്നും ചെയ്യാനുള്ള കോണ്‍ഫിഡന്‍സുണ്ടായിരുന്നില്ല. പ്രധാന കാരണം തമിഴിലെ ഡയലോഗ് ഡെലിവറിയായിരുന്നു. എനിക്ക് ഒരിക്കലും ഡയലോഗ് പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റില്ലെന്നായിരുന്നു വിചാരിച്ചത്. അപ്പോഴായിരുന്നു അരുണ്‍കുമാര്‍ സാര്‍ വീര ധീര സൂരന്റെ കഥയുമായി വന്നത്.

ഡയലോഗ് ഡെലിവറി പാളുമെന്ന് അരുണ്‍ സാറിനോട് പറഞ്ഞപ്പോള്‍ ‘അതെല്ലാം ഞങ്ങള്‍ ശരിയാക്കി തരാമെന്ന്’ കോണ്‍ഫിഡന്‍സ് നല്‍കി. അങ്ങനെയാണ് വീര ധൂര സൂരനിലെ കഥാപാത്രം ചെയ്യുന്നത്. അത് നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഒന്നിന് പിന്നാലെ ഒന്നായി സിനിമകളെത്തി. ധനുഷ് സാറിന്റെ കര, കെന്‍ കരുണാസിന്റെ യൂത്ത്, എല്ലാത്തിനും മേലെ രജിനി സാറിന്റെ കൂടെ ജയിലര്‍ 2വും വന്നു. എല്ലാം ഭാഗ്യം തന്നെ,’ സുരാജ് പറയുന്നു.

സുരാജിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം യൂത്ത് റിലീസിന് തയാറെടുക്കുകയാണ്. കെന്‍ കരുണാസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. കെന്നിന്റെ അച്ഛനായാണ് സുരാജ് യൂത്തില്‍ വേഷമിടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലറിലും സുരാജ് തന്നെയായിരുന്നു ഞെട്ടിച്ചത്. മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Suraj Venjaramoodu shares the experience of acting in Tamil Movies

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more