| Wednesday, 27th May 2026, 7:35 am

നായകന്റെ കൂട്ടുകാരൻ, ചായക്കടക്കാരൻ... ഒരേ റോൾ ചെയ്ത് മടുത്തു; പല കോമഡികളും ചിരിയില്ലാതെ ചീറ്റിപ്പോയി: സുരാജ് വെഞ്ഞാറമൂട്

നന്ദന എം.സി

മലയാളികളുടെ പ്രിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഒരു പിടി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം ഇന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കോമഡി റോളുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം പിന്നീട് ക്യാരക്ടർ റോളുകളിലൂടെയും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കുറെ നാൾ ഒരേ റോൾ ചെയ്തു മടുക്കുമെന്നും അതൊരു നെഗറ്റീവായി തോന്നിയെന്നും പറയുകയാണ് താരം.

‘ഒരേ റോൾ കുറേ ചെയ്തു കഴിയുമ്പോൾ ബോറടിക്കും. നായകന്റെ കൂട്ടുകാരൻ, ചായക്കടക്കാരൻ ഇങ്ങനെ ഒരേ റോളിന്റെ ആവർത്തനങ്ങൾ.

സുരാജ് വെഞ്ഞാറമൂട്, Photo: IMDb

എന്നെ കാണുമ്പോഴേ ആൾക്കാർക്ക് കഥാപാത്രത്തിന്റെ സ്വഭാവം പിടികിട്ടും. അത് നെഗറ്റീവായി തുടങ്ങി. പല കോമഡികളും ചിരിയില്ലാതെ ചീറ്റിപ്പോയി,’ എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.

തുടർച്ചയായി സമാനമായ കഥാപാത്രങ്ങൾ ചെയ്തതോടെ പ്രേക്ഷകർക്ക് മുൻകൂട്ടി കഥാപാത്രത്തിന്റെ സ്വഭാവം മനസിലാകുന്ന അവസ്ഥയുണ്ടായെന്നും അതാണ് മാറ്റം തേടാൻ കാരണമായതെന്നും താരം പറയുന്നു. അതിന് ശേഷമാണ് ക്യാരക്ടർ റോളുകൾ ചെയ്യണമെന്ന ആഗ്രഹം ശക്തമായതെന്നും സുരാജ് വ്യക്തമാക്കി.

‘അന്നൊന്നും സ്ക്രിപ്റ്റ് ചോദിക്കാനുള്ള ധൈര്യമില്ല. ലാൽ ജോസ് സാറിന്റെ ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ സിനിമയുടെ തിരക്കഥയാണ് ആദ്യമായി വായിക്കുന്നത്. അതൊരു തെളിച്ചമായിരുന്നു. കഥാപാത്രത്തിന്റെ സ്വഭാവം മനസിലാക്കി ചെയ്യാൻ പറ്റി,’ എന്നും താരം കൂട്ടിച്ചേർത്തു.

ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, Photo; YouTube/ Screengrab

സിനിമാ ജീവിതത്തിൽ തന്നെ ഏറെ സ്വാധീനിച്ച അനുഭവമായിരുന്നു ആ ചിത്രമെന്നും സുരാജ് പറയുന്നു. ഒരു കഥാപാത്രത്തെ ആഴത്തിൽ മനസിലാക്കി അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും താരം വ്യക്തമാക്കി.

ധൈര്യം നൽകി കുഴിയിൽ ചാടിച്ചവരുണ്ടോ എന്ന ചോദ്യത്തിനും സുരാജ് വെഞ്ഞാറമൂട് മറുപടി നൽകി. ‘കൂടെ നിൽക്കുന്നവരെ ഒരുപാട് വിശ്വസിക്കുന്ന ആളാണ് ഞാൻ. അങ്ങനെ വിശ്വസിച്ചില്ലെങ്കിൽ മുന്നോട്ട് പോകാനാവില്ല.

പക്ഷേ ചിലർ ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള കാര്യങ്ങൾക്ക് ധൈര്യം നൽകി പറഞ്ഞുവിടും. അതും കേട്ട് മുന്നോട്ട് പോവും. കുഴിയിൽ ചാടും. ഉദാഹരണത്തിന് ഈ ബിസിനസ് ചെയ്‌താൽ ഗംഭീരമായിരിക്കും എന്നൊക്കെ പറഞ്ഞ് തള്ളിവിടും.

എനിക്ക് ഒരു ഐഡിയയും ഉണ്ടാവില്ല. എന്നിട്ടും അത് കേട്ട് ചാടി വീഴും. പൈസയും പോകും. അങ്ങനെ പല അനുഭവങ്ങളുമുണ്ട്,’ എന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

Content Highlight: Suraj Venjaramoodu says he is tired of playing the same role

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more