| Friday, 16th October 2026, 7:22 am

തള്ളേ യെവന്‍ കൊള്ളാം; മിമിക്രിയില്‍ നിന്ന് ആരംഭിച്ച് തലൈവരുടെ വില്ലന്‍ വരെ... ഇതൊരൊന്നൊന്നര സു'രാജ'ചരിതം

അമര്‍നാഥ് എം.

ബ്ലോക്ക്ബസ്റ്ററായ ആദ്യഭാഗത്തിന് രണ്ടാം ഭാഗം ഒരുക്കുക എന്നത് ഏതൊരു സംവിധായകനും വെല്ലുവിളിയാണ്. ഹിറ്റാക്കിയ ആദ്യഭാഗത്തിന്റെ ലെഗസി കളയാതെ, അതിന് മേലെ നില്‍ക്കുന്ന ഒന്ന് പ്രേക്ഷകര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ആജീവനാന്ത ട്രോള്‍ ഉറപ്പാണ്. ജയിലറിന് രണ്ടാം ഭാഗം ഒരുക്കിയതില്‍ നെല്‍സണ്‍ വിജയിച്ചെന്ന് തന്നെ പറയാം. ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സായി ജയിലര്‍ 2 മാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

വര്‍മന്റെ മരണത്തിന് ശേഷം നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ആദ്യഭാഗത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ ആരാണെന്നും അയാളുടെ റേഞ്ച് എന്താണെന്നും കാണിച്ചതിനാല്‍ പുതിയ കാര്യങ്ങളാണ് നെല്‍സണ്‍ കാണിക്കുന്നത്. വില്ലന്മാരുടെ ഗ്യാങ്ങിനെ പരിചയപ്പെടുത്തുന്നതിലൂടെയാണ് ആദ്യപകുതി മുന്നോട്ട് പോകുന്നത്. അതിനൊപ്പം സ്ഥിരം കോമഡി+ മാസ് ഫോര്‍മുല കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.

രജിനിക്ക് അവിടവിടായി ചില മാസ് മൊമന്റുകള്‍ ഉണ്ടെങ്കിലും ഫസ്റ്റ് ഹാഫിനെ മുന്നോട്ട് കൊണ്ടുപോയവരില്‍ ഒരാള്‍ മലയാളികളുടെ സ്വന്തം സുരാജാണ്. ദിലീപ് എന്ന വില്ലനായി അതിഗംഭീര പ്രകടനമാണ് സുരാജ് കാഴ്ചവെച്ചത്. കോമഡിയടിച്ച് നടക്കുന്ന ഡെവിളിഷ് വില്ലനായി പെര്‍ഫോം ചെയ്യുക എന്നത് നിസാര കാര്യമല്ല. അതും ഓപ്പോസിറ്റ് രജിനികാന്ത് നില്‍ക്കുമ്പോള്‍ പോലും ടെറര്‍ മീറ്റര്‍ ഒരിഞ്ച് പോലും വിടാതെ പെര്‍ഫോം ചെയ്യാന്‍ സുരാജിന് സാധിച്ചു.

വര്‍മനോളമെത്തിയില്ലെങ്കിലും ദിലീപ് എന്ന ക്യാരക്ടര്‍ സുരാജ് ഗംഭീരമാക്കി. രജിനിക്ക് എതിരെ നില്‍ക്കുന്ന വില്ലന്‍ വേഷത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് എത്തിയ ആളല്ല സുരാജ് വെഞ്ഞാറമൂട്. ഉത്സവപ്പറമ്പുകളില്‍ മിമിക്രി അവതരിപ്പിച്ച് നടന്ന സുരാജില്‍ നിന്ന് ജയിലര്‍ 2 വരെയെത്തി നില്‍ക്കുന്ന യാത്ര വളരെ വലുതാണ്.

മമ്മൂട്ടിയുടെ ഡ്യൂപ്പായി വേഷമിട്ടുകൊണ്ടാണ് സുരാജിന്റെ എന്‍ട്രി. പിന്നീട് പല സിനിമകളിലും പേരില്ലാത്ത കഥാപാത്രമായി വന്ന് പിന്നീട് മോളിവുഡിലെ കോമഡി റോളുകളില്‍ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. ഒരു പതിറ്റാണ്ടോളം കോമഡി റോളുകളില്‍ തളച്ചിടപ്പെട്ട സുരാജ് 2013ല്‍ സീരിയസ് റോളുകളിലേക്ക് ട്രാക്ക് മാറ്റി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വര്‍ഷം ഇന്ത്യയിലെ മികച്ച നടനായി സുരാജ് തെരഞ്ഞെടുക്കപ്പെട്ടു.

നാഷണല്‍ അവാര്‍ഡ് കിട്ടിയ ശേഷം രണ്ട് വര്‍ഷം കൂടി കോമഡി റോള്‍ ചെയ്തു. 2015ലാണ് സുരാജ് എന്ന നടന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ആക്ഷന്‍ ഹീറോ ബിജുവില്‍ വെറും രണ്ട് സീനില്‍ മാത്രം വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു. പിന്നീടങ്ങോട്ട് സീരിയസ് റോളുകളില്‍ താരം ഞെട്ടിച്ചു. സീരിയസ് റോളുകള്‍ പ്രേക്ഷകര്‍ക്ക് മടുത്തപ്പോള്‍ നായകവേഷത്തിലും സുരാജ് തിളങ്ങി.

പഴയ കോമഡി നടന്‍ സുരാജിനെ മിസ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ താരം വീണ്ടും ട്രാക്കും ഭാഷയും മാറ്റി. 2025ല്‍ വീര ധീര സൂരനിലൂടെ തമിഴില്‍ താരം അരങ്ങേറി. ചിയാന്‍ വിക്രമിന്റെ വില്ലനായി ഗംഭീര തുടക്കമായിരുന്നു തമിഴില്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ യൂത്തിലും കൈയടി നേടിയത് സുരാജ് അവതരിപ്പിച്ച ഉണ്ണികൃഷ്ണനായിരുന്നു. ബോക്‌സ് ഓഫീസില്‍ പരാജയമായെങ്കിലും ധനുഷിന്റെ കരയിലും ശക്തമായ വേഷമായിരുന്നു.

ഇപ്പോഴിതാ ജയിലര്‍ 2ലും കൈയടി നേടിയവരിലൊരാളായി സുരാജ് മാറിയിരിക്കുകയാണ്. പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ക്യാരക്ടര്‍ സെലക്ഷനാണ് ഇപ്പോള്‍ സുരാജ് നടത്തുന്നത്. തലൈവരുടെ വില്ലനായി വിലസിയ സു’രാജ’ ചരിതം ഇനിയും തുടരുമെന്ന് ഉറപ്പാണ്.

Content Highlight: Suraj Venjaramoodu’s journey from Mimicry to Jailer 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more