| Monday, 18th August 2025, 7:54 pm

ഒരു മലയാള സിനിമയില്‍ രജിനി സാര്‍ അഭിനയിച്ചതുപോലെയാണ് ജയിലര്‍ 2വിനെപ്പറ്റി തോന്നിയത്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വന്‍ ഹൈപ്പിലെത്തിയ കൂലിയും പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ തമിഴ് സിനിമയുടെ ആദ്യത്തെ 1000 കോടി എന്ന സ്വപ്‌നം വീണ്ടും നീണ്ടുപോയിരിക്കുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരം രജിനികാന്ത് തന്നെയാകുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2വിലൂടെ തമിഴ് സിനിമയുടെ 1000 കോടി സ്വപ്‌നം പൂവണിയുമെന്നാണ് പ്രതീക്ഷ.

ചിത്രത്തില്‍ ഒട്ടനവധി മലയാളി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, വിനീത് തട്ടില്‍, അന്ന രാജന്‍, സുജിത് ശങ്കര്‍, സുനില്‍ സുഖദ, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആദ്യഭാഗത്തില്‍ അഞ്ച് മിനിറ്റ് മാത്രം സ്‌ക്രീനില്‍ വന്ന് കൈയടി നേടിയ മോഹന്‍ലാലും രണ്ടാം ഭാഗത്തിലുണ്ട്. ജയിലര്‍ 2വിന്റെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

‘പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നത് അതിനനുസരിച്ച് ഈ സിനിമ വരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരുപാട് മലയാളി താരങ്ങള്‍ ഈ സിനിമയിലുണ്ട്. ഇപ്പോള്‍ ഒരു മലയാളം പടത്തില്‍ രജിനി സാര്‍ വന്ന് അഭിനയിച്ചു എന്നേ ഇതിനെപ്പറ്റി പറയാനാകുള്ളൂ. അത്രമാത്രം മലയാളികളാണ് ഈ സിനിമയിലുള്ളത്. അതിപ്പോള്‍ ആദ്യ ഭാഗത്തിലും ഇതുപോലെ മലയാളികളാണ് തകര്‍ത്തത്.

വിനായകന്‍ ചേട്ടന്‍ ചെയ്ത വര്‍മന്‍ എന്ന ക്യാരക്ടര്‍ എന്ത് അടിപൊളിയായിരുന്നെന്ന് ഞാന്‍ പറയേണ്ട കാര്യമില്ല. ഈ സിനിമയിലും അങ്ങനെ നിരവധി മലയാളി ആര്‍ട്ടിസ്റ്റുകളുണ്ട്. എന്റെ അസിസ്റ്റന്റായി വേഷമിട്ട ആര്‍ട്ടിസ്റ്റുകളെല്ലാം ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ കോട്ടയം നസീറിക്കയൊക്കെ കിടിലന്‍ റോളിലാണ് ഈ പടത്തില്‍,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

ചിത്രത്തില്‍ വില്ലനായാണോ വേഷമിടുന്നത് എന്ന ചോദ്യത്തോടും താരം പ്രതികരിച്ചു. താന്‍ വില്ലനാണോ അല്ലയോ എന്നറിയാന്‍ എല്ലാവരും കാത്തിരിക്കണമെന്നും അധികം വൈകാതെ ചിത്രം റിലീസാകുമെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. ഈയടുത്ത് വന്നതില്‍ വെച്ച് നല്ലൊരു സ്‌ക്രിപ്റ്റാണ് ആ സിനിമയുടേതെന്നും ഒരുപാട് സര്‍പ്രൈസുകള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആദ്യഭാഗത്തിന്റെ അതേ ക്രൂവുമായാണ് ജയിലര്‍ 2 ഒരുങ്ങുന്നത്. അട്ടപ്പാടിയില്‍ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രം കോഴിക്കോട്, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലെ ഷെഡ്യൂളുകള്‍ക്ക് ശേഷം നിലവില്‍ ഗോവയിലാണ് പുരോഗമിക്കുന്നത്. എസ്.ജെ. സൂര്യയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനൊപ്പം മാത്യുവും നരസിംഹനും ഇത്തവണയുമുണ്ടാകുമെന്ന് ഉറപ്പാണ്. തെലുങ്ക് താരം ബാലകൃഷ്ണയും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ടെന്നും റൂമറുകളുണ്ട്.

Content Highlight: Suraj Venjaramoodu about the presence of  Malayali artists in Jailer 2

We use cookies to give you the best possible experience. Learn more