സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായും മിമിക്രി കലാകാരനായും കരിയര്‍ ആരംഭിച്ച അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ടെലിവിഷന്‍ ചാനലുകളിലെ മിമിക്രി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട സുരാജ്, 2002 ല്‍ പുറത്തിറങ്ങിയ ജഗപൊക എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മായാവി, രസികന്‍, തുറുപ്പുഗുലാന്‍, ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
സുരാജ് വെഞ്ഞാറമൂട്. Photo: Ott Play
വര്‍ഷങ്ങളോളം മലയാള സിനിമയിലെ മുന്‍നിര ഹാസ്യതാരമായി പ്രവര്‍ത്തിച്ച താരം പിന്നീട് സീരിയസ് വേഷങ്ങളിലേക്ക് ട്രാക്ക് മാറ്റുകയായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ പേരറിയാത്തവന്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയാണ് താരം തന്റെ കഴിവ് തെളിയിച്ചത്. പിന്നീട് തമിഴിലും മലയാളത്തിലും സജീവമായ സുരാജിന്റെ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത മോഹിനിയാട്ടം.
ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിന്റെ ആദ്യകാലത്തുണ്ടായ അനുഭവത്തെക്കുറിച്ച് സുരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘2005ല്‍ വലിയൊരു പടം കമ്മിറ്റ് ചെയ്തിരുന്നു. കമ്മിറ്റ് ചെയ്‌തെന്ന് പറഞ്ഞാല്‍ ഞാനങ്ങോട്ട് ചാന്‍സ് ചോദിച്ചു, എനിക്ക് അവസരം കിട്ടി. ഷൂട്ട് തുടങ്ങുന്ന ദിവസം ഞാന്‍ തിരുവനന്തപുരത്ത് നിന്ന് ബസ് കയറി. ഏകദേശം അഞ്ച് കിലോമീറ്റര്‍ ആയപ്പോള്‍ തന്നെ എനിക്ക് ഒരു ഫോണ്‍ വന്നു. വിളിച്ചയാള്‍ പറഞ്ഞു നിങ്ങള്‍ ആ പടത്തിലില്ല, വരേണ്ടതില്ല എന്ന്.
മാനസികമായി വലിയ വിഷമമായി അത്. തിരിച്ചെങ്ങനെയാണ് വീട്ടില്‍ പോകുക. കാരണം വീട്ടുകാരോടെല്ലാം യാത്ര പറഞ്ഞിട്ടാണ് വണ്ടിയില്‍ കയറിയത്. ഓക്കെ, ഇനി പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞിട്ട് കാണാം ബൈ ദ ബൈ എല്ലാം പറഞ്ഞിട്ടാണ് യാത്ര തിരിച്ചത്. പണി പാളി ഇനിയെന്താ ചെയ്യുക എന്ന് ആലോചിച്ച് ആകാശം നോക്കി നില്‍ക്കുമ്പോഴാണ് മറ്റൊരു കോള്‍ വന്നത്.
പാലക്കാട് സ്‌കെച്ച് എന്ന് പറയുന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നുണ്ട്. ചെറിയ വേഷമാണ് രണ്ട് മൂന്ന് ദിവസത്തേക്കാണെന്ന് പറഞ്ഞു. നായകനാരാണെന്ന് പോലും എനിക്കറിയേണ്ടിയിരുന്നില്ല. അന്നാണ് സൈജു കുറുപ്പിന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം തന്നെ മോഹിനിയാട്ടം ചെയ്യാന്‍ സാധിച്ചത് തന്നെ സംബന്ധിച്ചത് മറക്കാനാവാത്ത മുഹൂര്‍ത്തമാണ്,’ സുരാജ് പറഞ്ഞു.
മോഹിനിയാട്ടം. Photo: IMDB
സൈജു കുറുപ്പ് നായകനായി സുരാജ്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, ശ്രീജ രവി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന മോഹിനിയാട്ടം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 2024 ല്‍ പുറത്തിറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Content Highlight: Suraj Venjaramood shares his early career memory