| Friday, 18th September 2026, 7:31 pm

ദിലീപായി സുരാജ് വെഞ്ഞാറമൂട്; ജയിലര്‍ 2 വിലൂടെ ഞെട്ടിക്കാന്‍ താരം

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളത്തിലെ മുന്‍നിര ഹാസ്യനടന്മാരില്‍ ഒരാളായ സുരാജ് മമ്മൂട്ടിയ്ക്കൊപ്പം മായാവി എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ഒട്ടനവധി ചെറുതും വലുതുമായ റോളുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സുരാജ് പേരറിയാത്തവന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെയാകെ ഞെട്ടിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് സ്വന്തമാക്കി കൊണ്ടായിരുന്നു തന്റെ ഉള്ളിലെ നടനെ സുരാജ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.

പിന്നീട് മലയാള സിനിമയില്‍ അഭിനയപ്രാധാന്യമുള്ള ഒട്ടനവധി കഥാപാത്രങ്ങളാണ് സുരാജ് വെഞ്ഞാറമൂട് കൈകാര്യം ചെയ്തത്. വില്ലനായും സഹനടനായും തന്റെ നര്‍മശൈലി വിടാതെ ഹാസ്യനടനായും സുരാജ് തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ചിരുന്നു. സമീപകാലത്തായി സുരാജ് തമിഴ് സിനിമയിലും സജീവമായിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങി തിയേറ്ററുകളില്‍ നിന്നും വിജയം നേടിയ യൂത്തില്‍ പ്രധാനവേഷത്തിലെത്തിയ സുരാജ് ധനുഷ് ചിത്രം കരയില്‍ പൊലീസ് കഥാപാത്രമായും വേഷമിട്ടിരുന്നു.

ജയിലര്‍ 2. Photo: Screen grab/ jailer 2/ Sun pictures

എന്നാല്‍ താരത്തിന്റെ അപ്കമിങ് മൂവീസ് ലിസ്റ്റില്‍ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2. 2023ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒക്ടോബര്‍ 15ന് തിയേറ്ററുകളിലെത്താന്‍ ഇരിക്കവെ വലിയ പ്രതീക്ഷകളാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍ക്കുള്ളത്. ചിത്രത്തില്‍ സുരാജ് വില്ലനായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക എന്ന് നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ സുരാജിന്റെ ക്യാരക്ടര്‍ റിവീല്‍ ചെയ്തുകൊണ്ട് സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട ജയിലര്‍ 2വിന്റെ ടീസറാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ജയിലര്‍ 2. Photo: Screen grab/ jailer 2/ Sun pictures

ചിത്രത്തില്‍ ദിലീപ് എന്ന കഥാപാത്രമായിട്ടാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്. കിടിലന്‍ സ്വാഗിലും ലുക്കിലും തമിഴില്‍ ഡയലോഗ് പറയുന്ന സുരാജിന്റെ ടീസര്‍ വീഡിയോ ലക്ഷകണക്കിന് പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. വീഡിയോ വൈറലായിതിന് പിന്നാലെ ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്നത് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം മാത്യൂവിനായുള്ള അപ്‌ഡേറ്റിനായാണ്. ജയിലറിന്റെ ആദ്യഭാഗത്തില്‍ തിയേറ്റര്‍ തൂക്കിയ താരത്തിന് രണ്ടാം ഭാഗത്തില്‍ കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Suraj Venjaramood’s character teaser of Jailer 2 out now

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more