മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളത്തിലെ മുന്‍നിര ഹാസ്യനടന്മാരില്‍ ഒരാളായ സുരാജ് മമ്മൂട്ടിയ്‌ക്കൊപ്പം മായാവി എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ഒട്ടനവധി ചെറുതും വലുതുമായ റോളുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സുരാജ് പേരറിയാത്തവന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെയാകെ ഞെട്ടിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് സ്വന്തമാക്കി കൊണ്ടായിരുന്നു തന്റെ ഉള്ളിലെ നടനെ സുരാജ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.
സുരാജ് വെഞ്ഞാറമൂട്. Photo: Mathrubhumi
പിന്നീട് മലയാള സിനിമയില്‍ അഭിനയപ്രാധാന്യമുള്ള ഒട്ടനവധി കഥാപാത്രങ്ങളാണ് സുരാജ് വെഞ്ഞാറമൂട് കൈകാര്യം ചെയ്തത്. വില്ലനായും സഹനടനായും തന്റെ നര്‍മശൈലി വിടാതെ ഹാസ്യനടനായും സുരാജ് തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ചിരുന്നു. സമീപകാലത്തായി സുരാജ് തമിഴ് സിനിമയിലും സജീവമായിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങി തിയേറ്ററുകളില്‍ നിന്നും വിജയം നേടിയ യൂത്തില്‍ പ്രധാനവേഷത്തിലെത്തിയ സുരാജ് ധനുഷ് ചിത്രം കരയില്‍ പൊലീസ് കഥാപാത്രമായും വേഷമിട്ടിരുന്നു.
എന്നാല്‍ താരത്തിന്റെ അപ്കമിങ് മൂവീല് ലിസ്റ്റില്‍ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2. 2023ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒക്ടോബര്‍ 15ന് തിയേറ്ററുകളിലെത്താന്‍ ഇരിക്കവെ വലിയ പ്രതീക്ഷകളാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍ക്കുള്ളത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ നിമിഷനേരത്തേക്ക് പ്രത്യക്ഷപ്പെടുന്ന സുരാജാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകരുടെ പ്രധാന ചര്‍ച്ചകളിലൊന്ന്.
Photo: Screen Grab/ Sun TV/ Youtube.com
വീഡിയോയില്‍ സുരാജിന്റെ കണ്ണുകള്‍ മാത്രമാണ് കാണിക്കുന്നതെങ്കിലും കഥാപാത്രത്തിന്റെ എല്ലാ തീവ്രതയും ഒരു നോട്ടത്തില്‍ തന്നെ പ്രതിഫലിപ്പിക്കാന്‍ സുരാജിന് സാധിക്കുന്നുണ്ട്. രജിനികാന്ത് അവതരിപ്പിക്കുന്ന ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരിക്കും സുരാജ് അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ പ്രധാന വില്ലനായ വിനായകന്‍ അവതരിപ്പിച്ച വര്‍മന് പകരമായിരിക്കും സുരാജെന്നും പലരും പ്രവചിക്കുകയും ചെയ്യുന്നുണ്ട്. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രവുമായി ബന്ധപ്പെടുത്തിയ വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlight: Suraj Gets Appreciation after Jailer 2 Release announcement video