| Saturday, 14th November 2026, 6:57 pm

അഭ്യൂഹങ്ങള്‍ക്ക് അവസാനം: എന്‍.സി.പി ലയന സാധ്യത പൂര്‍ണമായും തള്ളി സുപ്രിയ സുലെ

റെന്വര്‍ പി

മുംബൈ: എന്‍.സി.പിയും എന്‍.സി.പി-എസ്.പിയും തമ്മിലുള്ള ലയന സാധ്യത പൂര്‍ണമായി തള്ളി എന്‍.സി.പി-എസ്.പി ലോക്സഭാ എം.പി സുപ്രിയ സുലെ. തന്റെ സഹോദരന്‍ അജിത് പവാര്‍ ജീവിച്ചിരുന്നപ്പോള്‍ ലയന ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും, എന്നാല്‍ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചതോടെ ആ ചര്‍ച്ചകള്‍ അവസാനിച്ചുവെന്നും സുപ്രിയ സുലെ പറഞ്ഞു.

‘എന്റെ സഹോദരന്‍ അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ച ദിവസം തന്നെ ലയന ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണവിരാമമായി. അജിത് പവാറുമായി എനിക്ക് വൈകാരികമായ അടുപ്പമുണ്ടായിരുന്നു. അപകടത്തില്‍ അദ്ദേഹത്തെ നഷ്ടപ്പെട്ടത് ഞങ്ങളുടെ കുടുംബത്തിന് വലിയ ആഘാതമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ആര്‍ക്കും നികത്താനാവാത്ത ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്,’ സുലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള എന്‍.സി.പി നേതാക്കളുമായുള്ള തന്റെ കൂടിക്കാഴ്ചകളെ, ലയന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കരുതെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം, ഇരു വിഭാഗങ്ങളും തമ്മില്‍ ദീര്‍ഘകാലമായുള്ള കുടുംബബന്ധങ്ങളും വ്യക്തിപരമായ ബന്ധങ്ങളും ഉണ്ടെന്നും അവര്‍ പറഞ്ഞു.

ഇപ്പോള്‍ ചര്‍ച്ചയിലില്ലാത്ത ഒരു രാഷ്ട്രീയ വിഷയത്തെക്കുറിച്ച് വീണ്ടും വീണ്ടും ഊഹാപോഹങ്ങള്‍ മെനയരുത്. മാധ്യമപ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലയനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ച് അവര്‍ പ്രതികരിച്ചു.

മാധ്യമങ്ങളുടെയും നയരൂപീകരണ വിദഗ്ധരുടെയും ശ്രദ്ധ പതിയേണ്ട നിരവധി ഗൗരവകരമായ വിഷയങ്ങളുണ്ട്. അതിനുപകരം, ലയനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വീണ്ടും വീണ്ടും പ്രചരിപ്പിക്കപ്പെടുന്നു. തനിക്ക് ഇതില്‍ മടുപ്പ് തോന്നിത്തുടങ്ങിയെന്നും സുപ്രിയ സുലെ പറഞ്ഞു.

കുറച്ചു ദിവസത്തേക്ക് ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു വിനോദമൂല്യം ഉണ്ടായേക്കാം, മാധ്യമങ്ങളില്‍ ഇടം പിടിക്കാനും സഹായിച്ചേക്കാം. എന്നാല്‍ ഇപ്പോള്‍ ഇത് അമിതമായ ആവര്‍ത്തനവും വിരസതയുമാണ് ഉണ്ടാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലയന സാധ്യതയെക്കുറിച്ച് താന്‍ എം.എല്‍.എമാരോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ഭരണപക്ഷ എന്‍.സി.പിയുടെ നേതാവുമായ സുനേത്ര പവാറും വ്യക്തമാക്കി. എന്‍.സി.പി ലയന സാധ്യതയെക്കുറിച്ച് എം.എല്‍.എമാരോട് അഭിപ്രായം ചോദിക്കാന്‍ സുനേത്ര പവാര്‍ ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച അവര്‍ ഇക്കാര്യം നിഷേധിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

എന്‍.സി.പി നേതൃത്വത്തില്‍ നിന്ന് ആദ്യമായാണ് ലയന സാധ്യത നിഷേധിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രതികരണം വരുന്നത്. മുതിര്‍ന്ന എന്‍.സി.പി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, മൂന്നാഴ്ച മുമ്പാണ് ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായതത്.

Content Highlight: Supriya Sule rules out NCP merger, says talks ended with Ajit Pawar’s untimely demise

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more