| Tuesday, 3rd February 2026, 2:58 pm

പൗരന്മാരുടെ സ്വകാര്യതയില്‍ തൊട്ടുകളിക്കണ്ട; വാട്‌സാപ്പിനും മെറ്റയ്ക്കും മുന്നറിയിപ്പുമായി സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: പൗരന്മാരുടെ സ്വകാര്യതയില്‍ തൊട്ടുകളിക്കാന്‍ അനുവദിക്കില്ലെന്ന് ആഗോള ടെക് ഭീമനായ വാട്‌സാപ്പിനും മാതൃ കമ്പനിയായ മെറ്റയ്ക്കും മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി.

കമ്പനിയുടെ ബിസിനസ് താത്പര്യങ്ങള്‍ക്കായി പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.

ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കന്‍ കഴിയുന്നില്ലെങ്കില്‍ സേവനം അവസാനിപ്പിച്ച് മടങ്ങാമെന്നും കോടതി പറഞ്ഞു.

‘രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതവെച്ച് കളിക്കാന്‍ നിങ്ങളെ അനുവദിക്കില്ല, ഞങ്ങളുടെ ഡാറ്റയില്‍ നിന്ന് ഒരക്കം പോലും പുറത്തുവിടാന്‍ അനുവദിക്കില്ല,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

വാട്‌സാപ്പിന്റെ 2021 ലെ സ്വകാര്യത നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമപോരാട്ടം നടക്കുന്നത്.

ഉപയോക്താക്കളുടെ ഡാറ്റ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കോമ്പിനേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) മെറ്റയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

ഈ കേസില്‍ 213.14 ലക്ഷം കോടി രൂപ മെറ്റയ്ക്ക് പിഴയിടുകയും ചെയ്തിരുന്നു. ഇതിനെതിരെ മെറ്റ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.

എന്നാല്‍ കെട്ടിവെച്ച തുക ഇനിയൊരുത്തരവുണ്ടാവുന്നത് വരെ പിന്‍വലിക്കരുതെന്നും സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് മെറ്റ തങ്ങളുടെ നയത്തെ ഉപയോഗിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും അത് ലംഘിക്കുന്ന കമ്പനികളുടെ ഒരു നയത്തെയും അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.

വാട്‌സാപ്പിന്റെ ഡാറ്റ ഷെയറിങ് നയം കേവലം ഒരു കമ്പനിയുടെ നയമല്ലെന്നും ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശ ലംഘനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കേസില്‍ ഫെബ്രുവരി 10ന് ഉത്തരവിറക്കുമെന്നും കോടതി അറിയിച്ചു.

Content Highlight: Supreme Court warns WhatsApp and Meta against tampering with citizens’ privacy

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more