ന്യൂദല്‍ഹി: ലൈംഗിക പീഡന കേസില്‍ മുന്‍ മന്ത്രി ഡോ. എ. നീലലോഹിതദാസിന് ആശ്വാസം. പീഡനക്കേസില്‍ നീലലോഹിതദാസ് കുറ്റക്കാരനല്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
നീലലോഹിതദാസിനെ കുറ്റവിമുക്തനാക്കിയ വിധിയെ ചോദ്യം ചെയ്ത് പരാതിക്കാരി നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് പര്‍ദിവാല അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
പരാതി പ്രകാരം 1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നീലലോഹിതദാസ് നാടാര്‍ മന്ത്രിയായിരിക്കെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.
2020 ഫെബ്രുവരിയിലാണ് മുതിര്‍ന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥ കൂടിയായ അതിജീവിത പരാതി നല്‍കിയത്.
ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ മോശമായി പെരുമാറിയെന്നുമായിരുന്നു പരാതി. കേസ് പരിഗണിച്ച വിചാരണക്കോടതി നീലലോഹിതദാസിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ നീലലോഹിതദാസ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി മുന്‍ മന്ത്രിയെ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കുകയായിരുന്നു.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശിക്ഷ റദ്ദാക്കിയത്. ഇതേ തുടര്‍ന്നാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlight: Supreme Court upholds Highcourt verdict acquitting Neelalohithadas in abuse case