ന്യൂദല്‍ഹി: മതപരമായ ആചാരങ്ങള്‍ക്കായി ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും പ്രവേശിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ സൈനികന്‍ സാമുവല്‍ കമലേശന്റെ പിരിച്ചുവിടല്‍ ശരിവെച്ച് സുപ്രീം കോടതി. തന്റെ പിരിച്ചുവിടല്‍ ശരിവെച്ച ദല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം.
ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും പ്രവേശിക്കാന്‍ വിസമ്മതിച്ച സൈനികനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഹരജിക്കാരൻ സൈന്യത്തിന്റെ ഭാഗമാവാന്‍ യോഗ്യനല്ലെന്നാണ് കോടതിയുടെ വിമര്‍ശനം.
സൈനികന്റേത് അച്ചടക്കലംഘനമാണെന്നും സഹസൈനികരുടെ വിശ്വാസത്തെ ബഹുമാനിക്കാത്തതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
‘എന്തൊരു സന്ദേശമാണ് ഈ സൈനികന്‍ നല്‍കുന്നത്. ഒരു സൈനിക ഉദ്യോഗസ്ഥനിൽ നിന്നുമുള്ള ഏറ്റവും നിന്ദ്യമായ അച്ചടക്കമില്ലായ്മയാണ് കണ്ടത്. ഇത്തരം പദവിയിലിരിക്കുന്നവർ ഒരു മാതൃക സൃഷ്ടിക്കണം. നിങ്ങള്‍ നിങ്ങളുടെ സഹ സൈനികരെ അനാദരിക്കുകയാണ്,’ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.
2017ല്‍ ലെഫ്റ്റനന്റായി സിഖ് സ്‌ക്വാഡ്രണില്‍ നിയമിച്ച കമലേശന്‍, നിര്‍ബന്ധിത റെജിമെന്റല്‍ പരേഡുകളില്‍ റെജിമെന്റിലെ ഹിന്ദു ക്ഷേത്രത്തിന്റെയും ഗുരുദ്വാരയുടെയും ഉള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സൈന്യം പിരിച്ച് വിടുകയായിരുന്നു.
2021ലായിരുന്നു കമലേഷനെ പിരിച്ച് വിട്ടത്. സൈനിക യൂണിറ്റിന്റെ നിർദേശവും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശവും മാനിക്കാതെ വന്നതോടെയായിരുന്നു ഈ നടപടി.
സൈന്യത്തിന്റെ നടപടിക്കെതിരെ കമലേശന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി സൈന്യത്തിന്റെ നടപടി ശരിവെച്ചു. തുടര്‍ന്നാണ് സൈനികന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ക്രിസ്തുമതവിശ്വാസം മറ്റ് മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതിനാലാണ്, തന്റെ കക്ഷി ഗുരുദ്വാരയിൽ പ്രവേശിക്കാതിരുന്നതെന്ന് കമലേഷനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു. ആരാധന നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് സൈനികന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍, ഈ വാദം തള്ളിക്കളഞ്ഞ സുപ്രീം കോടതി സൈന്യത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും അച്ചടക്കം പ്രധാനമാണെന്നും പറഞ്ഞു. സൈനികന്റെ പ്രവൃത്തി സഹ സൈനികരെ അപമാനിക്കലല്ലേയെന്നും കോടതി ചോദിച്ചു. പിന്നാലെ സൈനികന്റെ ഹരജി കോടതി തള്ളുകയായിരുന്നു.
Content Highlight: Supreme Court upheld dismissal of a Christian Army officer for refusing to enter gurdwara