| Wednesday, 21st January 2026, 8:50 pm

ആരവല്ലിയെ നിർവചിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: ആരവല്ലി മലനിരകളെ നിർവചിക്കാൻ വിവിധ മേഖലകളിൽ നിന്നും വിദഗ്ധ സമിതിയെ നിർദേശിക്കാനൊരുങ്ങി സുപ്രീം കോടതി.

പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, വനപാലകർ, നിയന്ത്രിത ഖനനം നടത്തുന്ന പ്രത്യേക വിദഗ്‌ധർ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവർ സമിതിയിൽ ഉൾപ്പെടുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ബുധനാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിദഗ്ധ സമിതിയെ നിയമിക്കണമെന്ന് നിർദേശിച്ചത്.

കോടതിയുടെ മേൽനോട്ടത്തിലായിരിക്കും സമിതി പ്രവർത്തിക്കുകയെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

വാദം കേൾക്കുന്നതിനിടയിൽ മേഖലയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതായും ചീഫ് ജസ്റ്റിസ് നിരീക്ഷിക്കുകയും അനധികൃത ഖനനം പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ആരവല്ലി പ്രദേശത്ത് ഖനന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി രാജസ്ഥനോട് ആവശ്യപ്പെട്ടു.

മേഖലയിൽ അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് രാജസ്ഥാനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് പറഞ്ഞു.

ഖനന പാട്ടത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും അത് നിർത്തലാക്കണമെന്നും രാജസ്ഥാനിലെ കർഷകർക്ക് വേണ്ടി ഹാജരായ രാജു രാമചന്ദ്രൻ പറഞ്ഞു.

ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവൃത്തികൾ കോടതിയെ അറിയിച്ചു കഴിഞ്ഞാൽ നടപടികൾ സ്വീകരിക്കുമെന്നും അനധികൃത ഖനനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

ഇത് പ്രത്യക്ഷ കുറ്റമാണെന്നും ശിക്ഷിക്കപ്പെടുമെന്നും എന്നാൽ പുതിയ റിട്ടുകൾ ഫയൽ ചെയ്യുന്നത് വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു .

ആരവല്ലിയെ നിർവചിക്കാൻ കഴിയില്ലെന്നും നിർവചിച്ചാൽ ഒരു പ്രശ്നത്തിന്റെ തുടക്കമായിരിക്കുമെന്നും ഇടനിലക്കാരനായ എ.ഡി സിങ്ങിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

വിഷയത്തിൽ പുതിയ വിദഗ്ധ സമിതിയിലേക്ക് ഉൾപ്പെടുത്തേണ്ട വ്യക്തികളുടെ പേരുകൾ നിർദേശിക്കാനും കോടതി ആവശ്യപ്പെട്ടു.

ആരവല്ലി കുന്നുകളുടെ പരിഷ്‌കരിച്ച നിർവചനത്തിനെതിരെ പരിസ്ഥിതി ഗ്രൂപ്പുകളും സിവിൽ സൊസൈറ്റി സംഘടനകളും ഉന്നയിച്ച പൊതുജന പ്രതിഷേധങ്ങളെയും തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കോടതി സ്വമേധയാ ഈ വിഷയത്തിൽ കേസെടുത്തത്.

Content Highlight: Supreme Court to direct expert committee to define Aravalli

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more