| Monday, 17th October 2016, 4:35 pm

സൗമ്യവധക്കേസ്; കട്ജുവിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ് ഹരജിയായി പരിഗണിക്കും; നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  സൗമ്യവധക്കേസില്‍ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രീംകോടതിയുടെ നോട്ടീസ്. കോടതിവിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കേസില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് കടജു നേരത്തെ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കട്ജു സുപ്രീംകോടതി വിധിയെ വിമര്‍ശിച്ചിരുന്നത്. കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതി പ്രത്യേക ഹര്‍ജിയായി പരിഗണിക്കും. കോടതി ഉത്തരവിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കട്ജു അന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്.

കട്ജു നേരിട്ട് ഹാജരായി തന്റെ അഭിപ്രായം സംബന്ധിച്ച് വിശദീകരണം നല്‍കണം. നവംബര്‍ 11 ആണ് കട്ജു ഹാജരാകേണ്ടത്. വിധിയില്‍ എന്ത് വീഴ്ചയാണ് സംഭവിച്ചതെന്ന് വിശദീകരിക്കാനാണ് സുപ്രീംകോടതി കട്ജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ വീണ്ടും വിശദമായ വാദം കേള്‍ക്കും. കട്ജുവിന്റെ കൂടി വാദങ്ങള്‍ കേട്ട ശേഷമായിരിക്കും പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിക്കുക. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, പി.സി പന്ത്, യു.യു ലളിത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയാണ് കോടതിയില്‍ ഹാജരായത്.

Latest Stories

We use cookies to give you the best possible experience. Learn more