| Monday, 23rd November 2026, 5:35 pm

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി: ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2002ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട ഇര്‍ഫാന്ഡ സിരാജ് പാഡയുടെ ജീവ പര്യന്തം തടവുശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദയസംബന്ധമായ അസുഖവും 17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന സാഹചര്യവും പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

ജസ്റ്റിസ് എം.എം. സുന്ദ്രേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഗുരുതരമായ ഹൃദയസംബന്ധമായ അസുഖം അലട്ടുന്നുണ്ടെന്നും 17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നുമാണ് പാഡ കോടതിയെ അറിയിച്ചത്.

വാദങ്ങള്‍ കേട്ട കോടതി പ്രധാനമായും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ ഉന്നയിച്ച ആരോഗ്യസ്ഥിതിയും മറ്റ് വസ്തുതകളും ശരിയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷന്‍ അറിയിച്ചതായും പറഞ്ഞു.

ഈ സാഹചര്യത്തില്‍ ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ശിക്ഷ മരവിപ്പിക്കാന്‍ തീരുമാനിക്കുകയാണെന്നും വിചാരണക്കോടതി നിശ്ചയിക്കുന്ന ഉപാധികള്‍ക്ക് വിധേയമായിരിക്കും ഇളവെന്നും ബെഞ്ച് വ്യക്തമാക്കി.

2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്നും കര്‍സേവകരുമായി മടങ്ങുകയായിരുന്ന സബര്‍മതി എക്‌സ്പ്രസിന് തീയിട്ട സംഭവത്തിലാണ് പാഡ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. തീവെപ്പില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കേസിന്റെ വിചാരണയില്‍ 2011 മാര്‍ച്ചില്‍ 31 പേരെ കുറ്റക്കാരായി കണ്ടെത്തുകയും 63 പേരെ വെറുതെ വിടുകയും ചെയ്തു. ഇവരില്‍ 11 പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജിവപര്യന്തം തടവുമാണ് വിചാരണ കോടതി വിധിച്ചത്. 2017ല്‍ 11 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു.

കേസിലെ മറ്റൊരു പ്രതിയായ അബ്ദുല്‍ റഹ്മാന്‍ ധന്തിയ എന്ന കങ്കട്ടോ എന്ന ജംബുറോയ്ക്ക് 2022 മേയ് 13ന് സുപ്രീം കോടതി ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഭാര്യയ്ക്ക് അര്‍ബുദം അവസാനഘട്ടത്തിലാണെന്നും പെണ്‍മക്കള്‍ക്ക് മാനസിക വെല്ലുവിളികളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2022 നവംബര്‍ 11ന് ജാമ്യം 2023 മാര്‍ച്ച് 31 വരെ നീട്ടുകയും ചെയ്തു.

2022 ഡിസംബറില്‍ ഫാറൂഖ് എന്ന മറ്റൊരു പ്രതിക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 17 വര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചതും ട്രെയിനിനു നേരെ കല്ലെറിയുക മാത്രമായിരുന്നു ഇയാളുടെ പങ്കെന്നതും കോടതി പരിഗണിച്ചു.

Content Highlight: Supreme Court Suspends Sentence Of Godhra Train Burning Convict On Medical Grounds

We use cookies to give you the best possible experience. Learn more