ന്യൂദല്‍ഹി: മനുഷ്യര്‍ കൈകൊണ്ട് വലിക്കുന്ന റിക്ഷകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് മനുഷ്യത്വരഹിതമായ കാര്യമാണെന്ന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷത്തിന് ശേഷവും ഇത്തരം കാര്യങ്ങള്‍ തുടരുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്. മാനുവല്‍ റിക്ഷകള്‍ പൂര്‍ണമായി നിര്‍ത്തണമെന്നും അതിലെ തൊഴിലാളികള്‍ക്ക് പുരനരധിവാസം ഏര്‍പ്പാടാക്കണമെന്നും ഭരണകൂടങ്ങളോട് കോടതി നിര്‍ദേശിച്ചു.
മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രമായ മാത്തേരാന്‍ കുന്നുകളില്‍ ഇപ്പോഴും മനുഷ്യര്‍ വലിക്കുന്ന റിക്ഷാ സമ്പ്രദായം തുടരുന്നതിനെതിരെയാണ് സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചത്. ഇന്നും ഇത് തുടരുന്നത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ഈ വിഷയത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു.
മാത്തേരാനില്‍ ഇ- റിക്ഷകള്‍ ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹാന്‍ഡ് റിക്ഷ വലിക്കുന്നവരില്‍ പലരും ഇഷ്ടപ്രകാരമല്ല ചെയ്യുന്നതെന്നും മറ്റ് ഉപജീവനമാര്‍ഗങ്ങളുടെ അഭാവം കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം റിക്ഷകള്‍ ഓടിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു പദ്ധതി രൂപീകരിക്കാന്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചു. ഉപജീവനമാര്‍ഗം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
‘ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വലിക്കുന്ന മനുഷ്യത്വരഹിതമായ ആചാരം ഇപ്പോഴും മാത്തേരനില്‍ വ്യാപകമാണ്. ഇത്തരം നടപടികള്‍ മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്നതാണ്. ഭരണഘടനാ വാഗ്ദാനങ്ങളെ ഇത്തരം നടപടികള്‍ നിസാരവത്കരിക്കും. സാങ്കേതിക വികസനങ്ങള്‍ക്കൊപ്പം പരിസ്ഥിതി സൗഹൃദമായ ഒരു ബദലാണ് ഇ- റിക്ഷകള്‍ വാഗ്ദാനം ചെയ്യുന്നത്. നിലവിലെ രീതിക്ക് പകരം ഇ- റിക്ഷകള്‍ ഉപയോഗിക്കുക’ ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു.
45 വര്‍ഷം മുമ്പ് പഞ്ചാബില്‍ ഇത്തരത്തില്‍ റിക്ഷാ തൊഴിലാളികളുടെ കാര്യത്തില്‍ കോടതി വിധി പ്രഖ്യാപിച്ചിരുന്നെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. ചൂഷണത്തിനിരയായ റിക്ഷാ തൊഴിലാളികള്‍ക്ക് അവരുടെ അന്തസ്സും ഉപജീവനമാര്‍ഗവും ഉറപ്പാക്കുന്നതിനുള്ള പദ്ധതി അന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
രാജ്യം സ്വാതന്ത്ര്യം നേടി 78 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടന അംഗീകരിക്കപ്പെട്ട് 75 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തുടരുന്നത് എല്ലാ പൗരന്മാരോടുമുള്ള സാമൂഹിക നീതിയോടുള്ള വെല്ലുവിളിക്ക് തുല്യമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Supreme Court suggested to stop using Manual Rikshaws in Matheran