ന്യൂ ദൽഹി: ചൈന ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തിയെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. യഥാർത്ഥ ഇന്ത്യക്കാരൻ ആണെങ്കിൽ ഇങ്ങനെയൊന്നും പറയില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസ് സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു.
‘2000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈനക്കാർ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം, നിങ്ങൾ യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, നിങ്ങൾ അങ്ങനെയൊന്നും പറയില്ലായിരുന്നു’ വാദം കേൾക്കുന്നതിനിടെ ബെഞ്ച് രാഹുൽ ഗാന്ധിയോട് പറഞ്ഞു.
2022 ഡിസംബറിൽ അരുണാചൽ പ്രദേശിൽ ഉണ്ടായ അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ സൈന്യത്തെ ചൈനീസ് സൈന്യം ‘മർദിച്ചു’ എന്ന പ്രസ്താവനകക്കെതിരെ ആയിരുന്നു രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്തത്. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടെ ആയിരുന്നു രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയത്.
താങ്കൾ പ്രതിപക്ഷ നേതാവ് ആണെന്നും സോഷ്യൽ മീഡിയയിലൂടെയല്ല, കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കൂവെന്നും സുപ്രീം കോടതി പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മെയ് 29 ന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന്റെ ഹരജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി സൈന്യത്തിനെതിരെ നിരവധി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഉദയ് ശങ്കർ ശ്രീവാസ്തവയാണ് കേസ് ഫയൽ ചെയ്തത്.
എന്നാൽ, പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വഞ്ചനാപരമായ രീതിയിലാണ് പരാതി നൽകിയതെന്നും രാഹുൽ ഗാന്ധി വാദിച്ചു.
കേസിൽ ഉത്തർപ്രദേശ് സർക്കാരിനും പരാതിക്കാരനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
Content Highlight: Supreme Court strongly criticizes Rahul Gandhi