ന്യൂദല്‍ഹി: ‘ദി വയര്‍’ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനും മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിനുമെതിരെ ചുമത്തിയ രാജ്യദ്രോഹ കേസിലെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി.
ബി.എന്‍.എസ് സെക്ഷന്‍ 152 പ്രകാരം അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നല്‍കിയത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സെപ്റ്റംബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കും. 152 ബി.എന്‍.എസ് വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവര്‍ക്കുമെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും അന്വേഷണത്തോടെ സഹകരിക്കാതിരുന്നാല്‍ മാത്രമേ അത്തരം നടപടികളെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്നും സുപ്രീം കോടതി പറഞ്ഞു.
ജൂലൈ 11 നാണ് സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരെ അസം പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ദി വയര്‍ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
തുടര്‍ന്ന് ദി വയറിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസവും സിദ്ധാര്‍ത്ഥ് വരദരാജനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്തോനേഷ്യയിലെ ഒരു സര്‍വകലാശാല സംഘടിപ്പിച്ച സെമിനാറിന്റെയും ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച സൈനിക തന്ത്രങ്ങളെക്കുറിച്ച് ഇന്തോനേഷ്യയിലെ ഇന്ത്യയുടെ സൈനിക അറ്റാഷെ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രതിരോധ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രസ്താവനകളുടെയും കുറിച്ചുള്ള വസ്തുതാപരമായ റിപ്പോര്‍ട്ടാണ് തങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് ദി വയര്‍ വ്യക്തമാക്കി.
ഡിഫന്‍സ് അറ്റാഷെയുടെ അഭിപ്രായങ്ങളോടുള്ള ഇന്ത്യന്‍ എംബസിയുടെ പ്രതികരണമാണ് ലേഖനത്തിലുള്ളതെന്നും അറ്റാഷെയുടെ അഭിപ്രായങ്ങള്‍ മറ്റ് നിരവധി മാധ്യമ സ്ഥാപനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ദി വയര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഓഗസ്റ്റ് 12 ന് കോടതി ഇതേ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ച് സിദ്ധാര്‍ത്ഥ് വരദരാജനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കരണ്‍ ഥാപ്പറിനും മറ്റൊരു കേസില്‍ സമന്‍സ് അയക്കുകയായിരുന്നു.
അസം പൊലീസിന്റെ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യദ്രോഹക്കേസ് പത്രസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതും ദി വയറിന്റെ എഡിറ്റര്‍മാരെ മനപൂര്‍വം ലക്ഷ്യംവെച്ചുള്ളതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Content Highlight: Supreme Court Stays Coercive Action Against ‘The Wire’ Editor & Karan Thapar In Assam Police FIR