| Friday, 20th November 2026, 11:12 am

വ്യാജ ഫോം ഏഴ് അപേക്ഷ നൽകുന്ന ബൂത്ത് ലെവൽ ഏജന്റുമാർക്കെതിരെ നടപടിക്ക് പരിമിതിയെന്ന് സുപ്രീംകോടതി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: വ്യാജ കാരണങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർപട്ടികയിൽനിന്ന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ഫോം ഏഴ് വഴി അപേക്ഷ നൽകുന്ന ബൂത്ത് ലെവൽ ഏജന്റുമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കാവുന്ന നടപടികൾക്ക് പരിമിതിയുണ്ടെന്ന് സുപ്രീംകോടതി.

ഇത്തരം ഏജന്റുമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ മാത്രമാണ് കമ്മീഷന് അധികാരമുള്ളതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കി.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾക്കിടെ ദൽഹിയിലെ മുസ്തഫാബാദിൽ നിരവധി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ വ്യാജ ഫോം ഏഴ് അപേക്ഷകൾ നൽകിയെന്ന പരാതി പരിഗണിക്കുകയായിരുന്നു കോടതി. അലി മെഹ്ദി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

‘ഒരു ബൂത്ത് ലെവൽ ഏജന്റ് വ്യാജ അപേക്ഷ നൽകിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് അയാളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താം. അതിനപ്പുറം അവർക്ക് നിയന്ത്രണമില്ല,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഇത് പ്രധാനമായും തെരഞ്ഞെടുപ്പ് കമ്മീഷനും ഏജന്റുമാരും തമ്മിലുള്ള വിഷയമാണെന്നും കോടതി വ്യക്തമാക്കി.

മുസ്തഫാബാദിൽ പേരുകൾ നീക്കം ചെയ്യാൻ അപേക്ഷ നൽകിയ 28 വോട്ടർമാരും അവരുടെ വിലാസങ്ങളിൽത്തന്നെ താമസിക്കുന്നവരാണെന്ന് നേരിട്ട് കണ്ടെത്തിയതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്ന് ഈസ്റ്റ് ദൽഹി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ പരിശോധനയിൽ ഒരു ബൂത്ത് ലെവൽ ഏജന്റ് മാത്രം നൽകിയ 37 ഫോം 7 അപേക്ഷകളിൽ 36 എണ്ണവും വ്യാജമാണെന്ന് കണ്ടെത്തിയതായി ഹരജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സംഭവത്തിൽ പരാതി നൽകിയിട്ടും ഇതുവരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.

പരാതികളിൽ യാതൊരു അഭിപ്രായവും രേഖപ്പെടുത്താതെ ഹരജി തീർപ്പാക്കിയ കോടതി, വിഷയത്തിൽ ആവശ്യമായ പരിശോധനകളും തിരുത്തൽ നടപടികളും സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും ബന്ധപ്പെട്ട അധികാരികളോടും നിർദേശിച്ചു.

ബന്ധപ്പെട്ട ബൂത്ത് ലെവൽ ഏജന്റുമാരുടെ പേരുകൾ ഉൾപ്പെടുത്തി വ്യക്തമായ പരാതി നൽകാൻ ഹരജിക്കാരനോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇത്തരം പരാതികളിൽ തിരുത്തൽ നടപടികളും ആവശ്യമെങ്കിൽ അച്ചടക്ക നടപടികളും സ്വീകരിക്കാൻ കമ്മീഷന് സാധിക്കുമെന്നും കോടതി വ്യക്തമാക്കി.

Content Highlight:Supreme Court states there are limitations on taking action against booth-level agents who submit fraudulent ‘Form 7’ applications.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more